തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തില്‍ തീപ്പിടുത്തം; 75 ലക്ഷം രൂപയുടെ നഷ്ടം, അഗ്നിരക്ഷാ സേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു


തൃകുറ്റിശ്ശേരി: തൃകുറ്റിശ്ശേരിയില്‍ വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിന് തീപിടിച്ചു. തൃകുറ്റിശ്ശേരിയിലെ മുഹമ്മദ് ബഷീര്‍ മൊയോങ്ങല്‍, വകയാടിന്റെ ഉടമസ്ഥതയിലുള്ള സില്‍വര്‍ പ്രൊഡ്യൂസ് വെളിച്ചെണ്ണ ഉല്‍പാദന കേന്ദ്രത്തിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.

അഗ്നിരക്ഷാ സേനയുടെ പേരാമ്പ്രയില്‍ നിന്നുള്ള രണ്ടും നരിക്കുനിയില്‍ നിന്നുള്ള ഒരു യൂണിറ്റും സ്ഥലത്തെത്തി മൂന്നു മണിക്കൂര്‍ നേരത്തെ പ്രവര്‍ത്തനത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

കൊപ്ര ഡയറിയില്‍ നിന്നും തീ പടര്‍ന്നതായിരിക്കുമെന്നാണ് അനുമാനിക്കുന്നത്. 75 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

അടുത്തുതന്നെ വീടുകളും വ്യാപാര സമുച്ചയങ്ങളും ഉള്ളത് ജനങ്ങളെ പരിഭ്രാന്തിയില്‍ ആക്കി. ബാലുശ്ശേരി പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ഫോഴ്സിനൊപ്പം പങ്കാളികളായി.

അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍മാരായ എം പ്രദീപന്‍, പി വിനോദന്‍, സി സജി ചാക്കോ എന്നിവരുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ വി.കെ നൗഷാദ്, കെ.എന്‍ രതീഷ് പി.എം വിജേഷ്, കെ അജേഷ്, ടി ബബീഷ്, വി വിനീത്, ഈയം പ്രശാന്ത്, എം മനോജ്, കെ.പി വിപിന്‍, എ.കെ വിപുല്‍, എം.വി അരുണ്‍, ടി സജിത്ത് കുമാര്‍, ഹോം ഗാര്‍ഡ് മാരായ പി.സി അനീഷ് കുമാര്‍, പി മുരളീധരന്‍, കെ രത്‌നന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.