‘പുലർച്ചെ മൂന്നരയോടെ മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആണ് കണ്ടത്, ഉടനെ തന്നെ വീടിന് പുറത്തേക്കിറങ്ങി’; നാദാപുരത്ത് വീട്ടിൽ തീപിടുത്തം


നാദാപുരം: തീപിടുത്തത്തില്‍ നിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ട് നാദാപുരം തൂണേരിയിലെ ഒരു കുടുംബം. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. തൂണേരി വെള്ളൂര്‍ റോഡില്‍ കണ്ണങ്കൈ മദ്രസയ്ക്ക് സമീപത്തെ നാവത്ത് താഴെക്കുനി ജമീലയുടെ വീട്ടിലാണ് തീപിടുത്തം നടന്നത്. തീപിടുത്തമുണ്ടായതായി നാദാപുരം ഫയര്‍ സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരാണ് എല്ലാ സന്നാഹങ്ങളോടെയും സംഭവസ്ഥലത്ത് എത്തിയത്.

വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് തീ പിടിച്ചത്. മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട വീട്ടുകാര്‍ പരിഭ്രാന്തരായി വീടിന് പുറത്തേക്ക് ഇറങ്ങി നില്‍ക്കുയായിരുന്നു. തീയും പുകയും ഉയരുന്ന റൂമില്‍ കയറി വെന്റിലേഷന്‍ നടത്തുകയും അവിടെ കത്തിക്കൊണ്ടിരിക്കുന്ന വസ്തുക്കളിലെ തീ അണയ്ക്കുകയുമാണ് ആദ്യഘട്ടത്തില്‍ ഫയര്‍ഫോഴ്സ് ചെയ്തത്.

പിന്നീട് നടത്തിയ പരിശോധനയിലാണ് തീപിടുത്തത്തിന്റെ കാരണം വ്യക്തമായത്. വാള്‍ ഫാനില്‍ നിന്ന് സീലിങ്ങിലെ എല്‍.ഇ.ഡി ലൈറ്റിലേക്ക് കണക്ഷന്‍ കൊടുത്തതിനെത്തുടര്‍ന്നുണ്ടായ ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്ന് നാദാപുരം ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. ഷോര്‍ട്ട് സെര്‍ക്യൂട്ടിന്റെ ഫലമായി ഫാന്‍ കത്തുകയും അതിന് തൊട്ടടുത്ത് തൂക്കിയിട്ടിരുന്ന വസ്ത്രങ്ങളിലേക്ക് തീ പടരുകയുമായിരുന്നു.

തീയും പുകയും ഉയരുന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതും, ഫയര്‍ ഫോഴ്സിന് വിവരം കൈമാറിയതും, ഫയര്‍ ആന്റ് റെസ്ക്യൂ ടീം നടത്തിയ സമയബന്ധിതമായ ഇടപെടലുമാണ് വലിയ അപകടത്തില്‍ നിന്ന് രക്ഷയായത്.