മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണം;രണ്ട് അക്രമികൾക്കും എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്കും പരിക്ക്


മേപ്പയ്യൂർ: മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘവും പോലീസും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മേപ്പയ്യൂർ ടൗണിൽ ബാർബർഷോപ്പിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചതിൽ നിന്നാണ് തുടക്കം.

പൊലീസ് സംഭവ സ്ഥലത്തെത്തി ആക്രമികളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് പോലീസും സംഘവും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്കും ആക്രമി സംഘത്തിലുണ്ടായിരുന്ന പച്ചാസ് എന്നറിയപ്പെടുന്ന ഷബീർ, സിബു എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്.

മേപ്പയ്യൂർ എസ്.ഐ ജയൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അനിൽകുമാർ, സി.പി.ഓ സിജു.ഒ.എം, എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഷബീർ സ്ഥിരം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാറുണ്ടെന്നും ഇയാള്‍ക്കെതിരെ സ്റ്റേഷനില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മേപ്പയ്യൂര്‍ എസ്.ഐ വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

സംഘർഷമുണ്ടായപ്പോൾ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പോലീസുകാർ ചേർന്ന് അക്രമികളെ പിടിച്ചുമാറ്റാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ ഇവർ പോലീസുകാരെയും ആക്രമിച്ചെന്ന് പൊലീസ് പറഞ്ഞു. പിന്നീട് സ്റ്റേഷനിൽ നിന്നും കൂടുതൽ സേനയെ എത്തിക്കുകയും പേരാമ്പ്ര ഡി.വൈ.എസ്.പിയെ വിവരമറിയിക്കുകയുമായിരുന്നു.

ഷബീർ, സിബു എന്നിവരടങ്ങിയ സംഘം കൂടുതൽ ആളുകളെയും കൂട്ടി പോലീസ് സ്റ്റേഷനിലേക്ക് എത്തിയതായും പൊലീസ് പറയുന്നു. ഇരുവർക്കുമെതിരെ പോലീസുകാരെ ആക്രമിച്ചതിനും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റ ഷബീർ, സിബു എന്നിവർ ചികിത്സയിലാണ്. ആശുപത്രിയിൽ ഡിസ്ചാർജ് ചെയ്ത ഉടനെ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

[mid5]