കളഞ്ഞു കിട്ടിയ സ്വര്‍ണാഭരണം ഉടമയെത്തിരിച്ചേല്‍പ്പിച്ചു; മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടിനേടി കല്ലോട് സ്വദേശികളായ ദമ്പതികള്‍


പേരാമ്പ്ര: കളഞ്ഞു കിട്ടിയ സ്വര്‍ണ്ണാഭരണം ഉടമസ്ഥയ്ക്കു നല്കി മാതൃകയായി ദമ്പതികള്‍. കല്ലോട് ശ്രീകലയിലെ സിദ്ധാര്‍ത്ഥും ഭാര്യ ആതിരയുമാണ് വീണു കിട്ടിയ രണ്ടു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണാഭരണം ഉടമസ്ഥയ്ക്കു കൈമാറിയത്.

ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് കല്ലോട് തച്ചറത്തുകണ്ടി ക്ഷേത്രത്തിനു സമീപത്തു വച്ച് ആതിരയ്ക്ക് രണ്ട് പവന്‍ തൂക്കമുള്ള സ്വര്‍ണമാല വീണു കിട്ടിയത്. ഉടന്‍ തന്നെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥിനെ വിവരമറിയിക്കുകയും ഇരുവരും ചേര്‍ന്ന് ആഭരണം പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.

തുടര്‍ന്ന് ഉടമയെ കണ്ടെത്തിയ പോലീസ് ദമ്പതികളെ വിളിച്ചുവരുത്തി എസ്.ഐ സുജിലേഷിന്റെ സാന്നിധ്യത്തില്‍ ആഭരണം ഉടമയ്ക്ക് കൈമാറുകയായിരുന്നു. സിദ്ധാര്‍ത്ഥിന്റെയും ആതിരയുടെയും മാതൃകാപരമായ പ്രവര്‍ത്തനത്തെ പോലീസ് അഭിനന്ദിച്ചു.

കല്ലോട് സ്വദേശിയായ എടത്തില്‍ മുഹമ്മ്ദ് ദിലുവിന്റെ ഭാര്യ ഷഹാനയുടെ ആഭരണമായിരുന്നു നഷ്ടപ്പെട്ടത്.