വാണിമേലില്‍ കല്ല്യാണ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ച 30 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി; മോഷണം നടന്നത് രാത്രി ഒമ്പതിനും പത്തരയ്ക്കും ഇടയിലെന്ന് ബന്ധുക്കള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
വാണിമേല്‍: കല്ല്യാണ വീട്ടില്‍ നിന്നും 30 പവനോളം സ്വര്‍ണം മോഷണം പോയതായി പരാതി. ഇന്ന് കല്യാണം നടക്കുന്ന വെള്ളിയോട് എം.എന്‍.ഹാഷിം തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്. വധുവിനെ അണിയിക്കാനായി അലമാരയില്‍ കരുതിവെച്ച സ്വര്‍ണാഭരണമാണ് മോഷണം പോയത്.
രാത്രി ഒമ്പതുമണിക്കും പത്തരയ്ക്കും ഇടയിലാണ് സ്വര്‍ണം മോഷണം പോയതെന്ന് എം.എന്‍.ഹാഷിം തങ്ങളുടെ സഹോദരന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഒമ്പതുമണിയ്ക്ക് പെണ്‍കുട്ടിയുടെ ഒരു ബന്ധുവിന് സ്വര്‍ണം കാണിച്ചുകൊടുത്തിരുന്നു. പിന്നീട് അലമാര പൂട്ടിയിരുന്നില്ല. പത്തരയ്ക്ക് ആഭരണങ്ങള്‍ അണിയാനായി എടുത്ത് നോക്കുമ്പോള്‍ ബോക്‌സ് മാത്രമാണ് ഉണ്ടായിരുന്നതെന്നും സ്വര്‍ണം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.
നാദാപുരത്തെ വരന്റെ വീട്ടില്‍ നിന്ന് നിക്കാഹ് കര്‍മ്മം കഴിഞ്ഞതിനു ശേഷം വീട്ടിലെത്തി സ്വര്‍ണാഭരണം ഉള്ള അലമാര തുറന്നു നോക്കിയപ്പോഴാണ് ആഭരണം നഷ്ടപ്പെട്ടതായി മനസ്സിലായത്. അറനൂറോളം പേര്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നെങ്കിലും എട്ടുമണിക്കുശേഷം വളരെ കുറച്ചുപേര്‍ മാത്രമാണ് വീട്ടുലുണ്ടായിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വളയം പൊലീസില്‍ പരാതി നല്‍കിയിരുന്നു. രാത്രി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു.