ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിക്കും, കുറേ കറങ്ങും, ഇതിനിടയില്‍ കടകളിലും മറ്റും മോഷണവും; എലത്തൂരില്‍ നിന്നടക്കം വാഹനമോഷ്ടിച്ച കേസിലെ പ്രതിയായ കുട്ടി മോഷ്ടാവ് പിടിയില്‍
കോഴിക്കോട്: എലത്തൂരില്‍ നിന്നടക്കം വാഹനം മോഷ്ടിച്ച പ്രായപൂര്‍ത്തിയാവാത്ത കരുവശ്ശേരി സ്വദേശി പിടിയില്‍. ഇതോടെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് നിരവധി ഇരു ചക്രവാഹനങ്ങള്‍ മോഷണം പോയ കേസുകള്‍ക്ക് തുമ്പുണ്ടായിരിക്കുകയാണ്. ഹൈലൈറ്റ് മാള്‍ പരിസരത്തു നിന്ന് സ്‌കൂട്ടര്‍ മോഷണം പോയ കേസില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
കോഴിക്കോട് ജില്ലയിലെ പുതിയറ, എലത്തൂര്‍, അത്തോളി, കാക്കൂര്‍, പന്തീരങ്കാവ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും മറ്റ് ജില്ലകളില്‍ നിന്നുമായി ഇരുപതിലധികം മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ആക്ടീവ, ആക്സസ് സ്‌കൂട്ടറുകളാണ് കൂടുതലും മോഷ്ടിച്ചത്. മോഷ്ടിച്ച സ്‌കൂട്ടറുകളില്‍ കുറച്ചുനാള്‍ കറങ്ങിയശേഷം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ ഉപേക്ഷിക്കും. ഇതിനിടെ കടകളിലും മോഷണം നടത്തും.
അത്തോളിയില്‍ നിന്ന് മോഷണം പോയ ഹീറോ ഹോണ്ട പാഷന്‍, ആക്ടീവ, കാക്കൂരില്‍ നിന്ന് മോഷണം പോയ ഹീറോ ഹോണ്ട പാഷന്‍, ആക്ടീവ, പുതിയറ ഭാഗത്തു നിന്ന് മോഷണം പോയ ആക്സസ്, കല്പറ്റയില്‍ നിന്ന് മോഷണം പോയ ആക്സസ് എന്നിവ മോഷ്ടിച്ചത് ഇയാളാണെന്ന് പൊലീസ് പറഞ്ഞു. കൂടാതെ ബൈപ്പാസില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ നിന്ന് ബാറ്ററികള്‍, ഇരുമ്പ് സാധനങ്ങള്‍ എന്നിവ മോഷ്ടിച്ച കേസുകളിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കല്പറ്റയിലെ ആക്രിക്കട, കോഴിക്കട, വയനാട് പിണങ്ങോടുള്ള ഇന്‍ഷ മൊബൈല്‍ ഷോപ്പില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍, പവര്‍ ബാങ്ക് , ചണ്ടേലുളള ട്വന്റി ഫോര്‍ സൂപ്പര്‍മാര്‍ക്കറ്റ് എന്നിവിടങ്ങളില്‍ മോഷണം നടത്തിയതും ഇയാളാണ്. ഈ കുട്ടിക്ക് ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ളതായി ഫോണ്‍ രേഖകളില്‍ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.
കുട്ടികള്‍ കൂടുതലായി മോഷണത്തിലേക്ക് ഇറങ്ങിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചതായും രാത്രിക്കാല പോലീസ് പട്രോളിംഗ് ശക്തമാക്കുമെന്നും മോഷണത്തില്‍ പങ്കെടുത്തവരെ കുറിച്ച് വ്യക്തമായ സൂചന ഡപ്യൂട്ടി കമ്മീഷണര്‍ ഡോ.ശ്രീനിവാസ് പറഞ്ഞു.
പന്തീരങ്കാവ് ഇന്‍സ്പെക്ടര്‍ ഗണേശന്‍, എസ്.ഐ ധനഞ്ജയദാസ്, സ്പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്പെക്ടര്‍ ഒ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, ഷഹീര്‍ പെരുമണ്ണ, സമേഷ് ആറോളി, എ.കെ.അര്‍ജുന്‍, രാകേഷ് ചൈതന്യം, സബീഷ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായത്.