രണ്ടിടങ്ങളിലെ ടിപ്പർ ലോറി അപകടങ്ങളിൽ ഓർക്കാട്ടേരി സ്വദേശിനി ഉൾപ്പടെ രണ്ടുപേർ മരിച്ച കേസ്; 55 ലക്ഷത്തിലധികം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടിയുടെ വിധി


വടകര: രണ്ട് വ്യത്യസ്ത അപകടങ്ങളിൽ രണ്ടു സ്ത്രീകൾ ടിപ്പർ ലോറിയിടിച്ച് മരിച്ചകേസിൽ 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വടകര എം.എ.സി.ടി. ജഡ്ജ് പി. പ്രദീപ് ഉത്തരവിട്ടു. ഓർക്കാട്ടേരി ഇല്ലത്തുതാഴ കൗസു നിവാസിൽ രാജന്റെ ഭാര്യ സുമതി (48) മരിച്ചകേസിൽ 21,12,320 രൂപ നൽകാൻ കോടതി ഉത്തരവ്.

എട്ടുശതമാനം പലിശയും, കോടതിച്ചെലവും സഹിതം ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നൽകേണ്ടത്. 2020 ഫെബ്രുവരി 18-ന് കുന്നുമ്മക്കര-ഓർക്കാട്ടേരി റോഡിലെ ശങ്കരൻപീടിക റോഡിൽ സ്കൂട്ടറിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടമുണ്ടായത്. പിൻസീറ്റ് യാത്രക്കാരിയായിരുന്നു സുമതിയും.

പേരാമ്പ്ര നടുവണ്ണൂർ മന്ദങ്കാവ് കട്ടിയാറ്റ് മീത്തൽ സത്യന്റെ മകൾ അതുല്യ (24) മരിച്ച കേസിൽ 33,40,380 രൂപയും എട്ടുശതമാനം പലിശയും, കോടതിച്ചെലവും ഓറിയന്റൽ ഇൻഷുറൻസ് കമ്പനി നൽകണം. 2020 ഡിസംബർ 19-നാണ് കേസിനാസ്പദമായ അപകടം നടന്നത്. ഉള്ള്യേരിയിൽനിന്ന്‌ നടുവണ്ണൂരിലേക്കു വരുന്നതിനിടെ തെരുവത്തുകടവിൽ വെച്ച് അതുല്യ സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ചായിരുന്നു അപകടം. സ്കൂട്ടറിലെ പിൻസീറ്റ് യാത്രക്കാരിയായിരുന്നു അതുല്യ.