മുചുകുന്ന് കോളേജിന് മുന്നിൽ നിന്നും സി.പി.ഐ.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചു’; യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയിൽ 60 പേർക്കെതിരെ കേസെടുത്തു


കൊയിലാണ്ടി: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുചുകുന്ന് കോളേജിന് മുന്നിൽ നിന്ന് പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന യു.ഡി.വൈ.എഫ് നേതാക്കളുടെ പരാതിയിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ കേസ്. കാനത്തിൽ ജമീല എംഎൽഎയുടെ പി.എ വൈശാഖ്, പി.വിനു, അനൂപ്, സൂര്യ ടി.വി, എന്നിവർ അടക്കം കണ്ടാലറിയാവുന്ന അറുപത് പേർക്കെതിരെയാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തിരിക്കുന്നത്.

കലാപം ഉണ്ടാക്കുന്ന തരത്തിൽ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്നാണ് കുറ്റം. 189(2),191(2), 192, 351(2),190 എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്. യു.ഡി.വൈ.എഫ് നേതാക്കളായ തൻഹീർ കൊല്ലം, ഫാസിൽ നടേരി, പി.കെ മുഹമ്മദി എന്നിവർ നൽകിയ പരാതിയിന്മേലാണ് നടപടി. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ പോലീസിന് നൽകിയിരുന്നു.

ഇക്കഴിഞ്ഞ പത്താം തീയതിയാണ് കേസിനാസ്പദമായ സംഭവം. മുചുകുന്ന് സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾ ഗവ: കോളേജിലെ യൂണിയൻ ഇലക്ഷനിൽ തെരഞ്ഞെടുപ്പിൽ യുഡിഎസ്എഫിനായിരുന്നു വിജയം. തെരഞ്ഞെടുപ്പ് റിസൽട്ട് വന്നതിന് പിന്നാലെ വൈകുന്നേരം ആറ് മണിയോടെ കോളേജിന് മുന്നിൽ നിന്നും ‘ഓർമയില്ലേ ഷുക്കൂറിനെ, ഞങ്ങളെ നേരെ വന്നപ്പോൾ ഇല്ലാതായത് ഓർക്കുന്നില്ലേ, കൈയ്യും കാലും കൊത്തിയെടുത്ത് പാണക്കാട്ടെ തറവാട്ടിലേക്ക് പാർസലയച്ചു കളയും കേട്ടോ’ എന്നിങ്ങനെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചുവെന്നാണ് യുഡിഎസ്എഫ് കൊടുത്ത പരാതിയിൽ പറയുന്നത്.