ഒരു കോടി രൂപയും 300 പവനും കവർച്ച ചെയ്ത കേസ്; കണ്ടെത്തിയത് പരാതിയിൽ പറഞ്ഞതിനേക്കാൾ കൂടുതൽ പണം, പ്രതി ലോക്കർ തകർത്തത് വെൽഡിങ് തൊഴിലിലെ പരിചയംവച്ച്
കണ്ണൂർ: വളപട്ടണത്തെ അരി വ്യാപാരിയുടെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷ്ടിച്ച കേസിലെ പ്രതി ലിജീഷിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത് ഒന്നേകാൽ കോടിയോളം രൂപയും 267 പവൻ സ്വർണവും. ഇന്നലെ രാത്രിയോടെയാണ് ലിജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന സാഹചര്യവും രീതിയും പരിശോധിച്ചപ്പോൾ വീടിനെപ്പറ്റി നേരത്തെ കൃത്യമായി ധാരണയുള്ള ആളാണെന്ന് പൊലീസ് തുടക്കം മുതൽ സംശയം പറഞ്ഞിരുന്നു. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ അതിവിദഗ്ധമായിട്ടായിരുന്നു മോഷണം. എവിടെയെല്ലാം ക്യാമറകൾ ഉണ്ട് എന്ന് കൃത്യമായി അറിഞ്ഞത് പോലെയായിരുന്നു മോഷണരീതി.
പ്രതി മോഷണം നടത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അവ്യക്തമായ ദൃശ്യങ്ങളിൽ റൂമിൽ കയറിയ ശേഷം കർട്ടൻ വലിച്ചുനീക്കുന്ന പ്രതിയുടെ ദൃശ്യമാണ് ഉള്ളത്. മോഷണം നടന്നയിടത്തുനിന്ന് ലഭിച്ച ഒരു ചുറ്റികയും കൂടിയാണ് പൊലീസിന് ഒരു നിർണായക തുമ്പായി മാറിയത്. പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് പ്രതിയുടെ വീടിൻറെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്റഫിൻറെ അയൽവാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ഇയാളിൽ നിന്ന് മോഷണം പോയ സ്വർണവും പണവും കണ്ടെടുത്തു.സ്വന്തം വീട്ടിൽ കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് പണവും സ്വർണവും സൂക്ഷിച്ചത്.
ആദ്യത്തെ ദിവസത്തെ മോഷണം കഴിഞ്ഞ് രണ്ടാംദിവസവും പ്രതി വീട്ടിനുള്ളിൽ കടന്നതായി ദൃശ്യങ്ങളിൽ കണ്ടെത്തിയിരുന്നു. അഷ്റഫ് മടങ്ങിവന്നിട്ടില്ലെന്ന് കൃത്യമായി അറിയുന്നയാളാണ് പ്രതിയെന്ന് ഇതിൽ നിന്നും പൊലീസ് മനസ്സിലാക്കി. രണ്ട് താക്കോലിട്ട് പ്രത്യേക രീതിയിൽ തുറക്കുന്ന ലോക്കറിനെ കുറിച്ച് അറിവില്ലാത്തയാൾക്ക് അത് തുറക്കാനാവില്ലെന്നും പൊലീസ് വിലയിരുത്തി. വെൽഡിങ് തൊഴിലാളിയായ ലിജീഷ് തൊഴിൽ വൈദഗ്ധ്യം പ്രയോജനപ്പെടുത്തിയാണ് ലോക്കർ തകർത്തത്.
വീട് അടച്ച് പുറത്ത് പോകുന്ന ശീലം അഷ്റഫിന് പതിവായിരുന്നു. വീട്ടിനകത്ത് ഭേദപ്പെട്ട ലോക്കർ സംവിധാനവും അടച്ചുറപ്പുള്ള വാതിലുകളുമുണ്ടെന്നതായിരുന്നു ആത്മവിശ്വാസം. ഈ സാഹചര്യത്തിൽ കളവു നടക്കുമെന്ന ഭയമുണ്ടായില്ല. അതുകാരണമാണ് വീട് അടച്ച് പോകുമ്പോൾ സുരക്ഷാ ജീവനക്കാരെ നിയമിക്കുകയോ പൊലീസിൽ അറിയിക്കുകയോ ചെയ്യാതിരുന്നത്. വീട്ടിലെ ലോക്കറിന് മുകളിൽ മരത്തിന്റെ മറ്റൊരു അറ നിർമിച്ചാണ് സ്വർണവും പണവും സൂക്ഷിച്ചത്. താക്കോൽ മറ്റൊരു അലമാരയിലും അതിന്റെ താക്കോൽ വേറൊരു മുറിയിലെ അലമാരയിലുമാണ് സൂക്ഷിച്ചിരുന്നത്. ഈ രണ്ട് അലമാരകളും തുറന്നാണ് ലോക്കറിന്റെ താക്കോൽ എടുത്തിരിക്കുന്നത്.
അഷ്റഫിൻറെ അരി മൊത്തക്കച്ചവട സ്ഥാപനമായ അഷ്റഫ് ട്രേഡേഴ്സ് വീടിനോട് ചേർന്ന കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. അഞ്ചോളം വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാൻ സ്ഥാപനത്തിൽ സൗകര്യമൊരുക്കിയതിനാൽ എന്തെങ്കിലും ശബ്ദം കേട്ടാൽ തൊഴിലാളികൾ അറിയുമെന്ന വിശ്വാസവുമുണ്ടാമായിരുന്നു. എന്നാൽ, എല്ലാവരുടെയും വിശ്വാസവും ധാരണയും തെറ്റിച്ചാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ കവർച്ച നടന്നത്.