കോരപ്പുഴ പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് കണ്ടെത്തി, വടകര സ്വദേശിയുടെതെന്ന് സൂചന; പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുന്നു
എലത്തൂര്‍: കോരപ്പുഴ പാലത്തില്‍ നിന്നും പുഴയില്‍ ചാടിയത് വടകര സ്വദേശിയെന്ന് സംശയം. പാലത്തില്‍ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടിയത്.
ഇതുവഴി കടന്നുപോയ ഡലിവറി ബോയ് ആണ് പാലത്തിലേക്ക് ഒരാള്‍ ചാടുന്നത് കണ്ടതായി വിവരം നല്‍കിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പുരുഷനാണ് ചാടിയത്. ഇയാള്‍ ഇവിടെ എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ല.
കോഴിക്കോട് ബീച്ച് ഫയര്‍ഫോഴ്‌സും എലത്തൂര്‍ പൊലീസുമാണ് പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും സഹായത്തിനുണ്ട്. ആഴം കൂട്ടുന്നതിന്റെ ഭാഗമായി അടുത്തിടെയായി ട്രഞ്ചിംഗ് നടക്കുന്ന ഭാഗത്താണ് ആള്‍ ചാടിയതെന്നാണ് വിവരം. ഏറെ ആഴമുള്ള ഭാഗമാണിതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. ശക്തമായ ഒഴുക്കുള്ള സമയമായതിനാല്‍ ചാടിയ സ്ഥലത്തോ അതിന് തൊട്ടടുത്തുള്ള സ്ഥലത്തോ നിന്ന് ആളെ കിട്ടാന്‍ സാധ്യത കുറവാണെന്നാണ് പ്രദേശത്തുകാര്‍ പറയുന്നത്.
A bag suspected to belong to the person who jumped from the Korapuzha bridge was found and suspected to belong to a native of Vadakara; A search is underway in the area