99 സീറ്റോടെ അധികാരത്തിലെത്തിയപ്പോള്‍ ഇടതുമുന്നണി പിടിച്ചെടുത്തത് 14 സീറ്റുകള്‍; 9 മണ്ഡലങ്ങള്‍ കൈവിട്ടു


തിരുവനന്തപുരം: സംസ്ഥാനത്ത് 2016-ല്‍ ഇടതുപക്ഷം അധികാരത്തിലെത്തിയത് 91 സീറ്റുകളോടെയാണ്. 2021 ല്‍ എല്‍ഡിഎഫ് 99 സീറ്റുകളായി വര്‍ദ്ധിപ്പിച്ചു. കണക്കുകള്‍ പ്രകാരം 14 സീറ്റുകളാണ് എല്‍ഡിഎഫ് പുതുതായി പിടിച്ചെടുത്തത്. അപ്പോള്‍ തന്നെ എല്‍ഡിഎഫിന്റെ കൈയ്യില്‍ നിന്നും 9 സീറ്റുകള്‍ യുഡിഎഫും പിടിച്ചിട്ടുണ്ട്.

കണ്ണൂരില്‍ അഴീക്കോട്ടെ സീറ്റ് ഇടതുമുന്നണി പിടിച്ചെടുത്തു. മുസ്ലീംലീഗിലെ കെ എം ഷാജിയെ സിപിഎമ്മിലെ കെവി സുമേഷ് 6141 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. കോഴിക്കോട് ജില്ലയില്‍ എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും രണ്ട് സീറ്റ് പിടിച്ചെടുത്തു. കുറ്റ്യാടിയില്‍ കെപി കുഞ്ഞഹമ്മദ് കുട്ടി മുസ്ലീംലീഗിലെ പാറയ്ക്കല്‍ അബ്ദുള്ളയെ പരാജയപ്പെടുത്തിയത് 333 വോട്ടിനാണ്. അടുത്ത സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുത്തതും മുസ്ലീംലീഗില്‍ നിന്ന് തന്നെ കോഴിക്കോട് സൌത്ത് ഐഎന്‍എല്‍ സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവില്‍ ജയിച്ചത് 12459 വോട്ടിനാണ്. എറണാകുളത്ത് കളമശ്ശേരിയും, കുന്നത്ത്‌നാടും എല്‍ഡിഎഫ് യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. കളമശ്ശേരിയില്‍ പി.രാജീവ് മുസ്ലീംലീഗിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചടുത്തു.കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റായ കുന്നത്ത് നാട് പിടിച്ചത് ശ്രീനിജനാണ്.

ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് മാണിയുടെ മുന്നണി മാറ്റത്തോടെ എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന റോഷി അഗസ്റ്റില്‍ സീറ്റ് നിലനിര്‍ത്തിയെങ്കിലും ഫലത്തില്‍ യുഡിഎഫ് സീറ്റ് ഇടതുപക്ഷത്ത് എത്തി. കോട്ടയം ചങ്ങനാശേരിയില്‍ ജോബ് മൈക്കിള്‍, കാഞ്ഞിരപ്പള്ളിയില്‍ എന്‍ ജയരാജ് എന്നിവരുടെ വിജയവും ഇത്തരത്തില്‍ മുന്നണി മാറ്റത്തിലൂടെ യുഡിഎഫ് സീറ്റ് എല്‍ഡിഎഫില്‍ എത്തിയതാണ്. പൂഞ്ഞാറില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പിസി ജോര്‍ജില്‍ നിന്നാണ് പിടിച്ചെടുത്തത്. 16817 വോട്ടായിരുന്നു സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ലീഡ്. തിരുവനന്തപുരത്ത് നേമത്ത് കേരളത്തിലെ ബിജെപിയുടെ ഏക സീറ്റ് പിടിച്ചെടുത്തത് സിപിഐഎമ്മിലെ വി ശിവന്‍കുട്ടിയാണ്. 3949 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശിവന്‍കുട്ടിയുടെ വിജയം. തിരുവന്തപുരം എല്‍ഡിഎഫിന് വേണ്ടി വിഎസ് ശിവകുമാറില്‍ നിന്നും ജനാധിപത്യ കേരള കോണ്‍ഗ്രസിലെ ആന്റണി രാജു പിടിച്ചെടുത്തു, 7089 ആയിരുന്നു ഭൂരിപക്ഷം. അരുവിക്കരയില്‍ കെഎസ് ശബരീനാഥ് സിപിഎമ്മിന്റെ പുതുമുഖ സ്ഥാനാര്‍ത്ഥി ജി സ്റ്റീഫന്‍ 5046 വോട്ടിനാണ് തോല്‍പ്പിച്ചത്.

അതേ സമയം എല്‍ഡിഎഫില്‍ നിന്ന് വയനാട്, കോഴിക്കോട്, കൊടുവള്ളി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില്‍ യുഡിഎഫ് സീറ്റുകള്‍ പിടിച്ചെടുത്തു. കല്‍പ്പറ്റയില്‍ ടി സിദ്ദിഖ് വിജയിച്ചത് 5470 വോട്ടിനാണ്. എംവി ശ്രേംയസ് കുമാറിനെയാണ് സിദ്ദീഖ് തോല്‍പ്പിച്ചത്. കോഴിക്കോട് വടകര ആര്‍എംപിയിലെ കെകെ രമ എല്‍ജെഡിയില്‍ നിന്ന് പിടിച്ചെടുത്തു. കൊടുവള്ളി എംകെ മുനീറും വിജയിച്ചു. തൃശ്ശൂരില്‍ കേരള കോണ്‍ഗ്രസ് എമ്മിന് സിപിഎം നല്‍കിയ ചാലക്കുടി സീറ്റ് ഡെന്നീസ് ആന്റണിയിലൂടെ കോണ്‍ഗ്രസ് നേടി. കെ ബാബു എം സ്വരാജിനെ തോല്‍പ്പിച്ച് എറണാകുളത്ത് തൃപ്പൂണിത്തുറ പിടിച്ചു. മൂവാറ്റുപുഴ എല്‍ദോ എബ്രഹാമിനെ തോല്‍പ്പിച്ച് മാത്യു കുഴല്‍നാടാന്‍ കോണ്‍ഗ്രസിന് വേണ്ടി ജയിച്ചു. കരുനാഗപ്പള്ളിയില്‍ ആര്‍ മഹേഷും, കുണ്ടറയില്‍ പിസി വിഷ്ണുനാഥും എല്‍ഡിഎഫില്‍ നിന്ന് കൊല്ലത്തെ രണ്ട് സീറ്റുകള്‍ പിടിച്ചെടുത്തു.

കഴിഞ്ഞ തവണ പിടിച്ച 7 സീറ്റുകള്‍ കോണ്‍ഗ്രസിന് 2021 ല്‍ നഷ്ടമായി. മൂന്നെണ്ണം തിരിച്ചുപിടിച്ചു. മൂന്നെണ്ണം നഷ്ടമായ മുസ്ലീംലീഗിന് ഒരു സീറ്റ് തിരിച്ചുപിടിക്കാനായി. എല്‍ഡിഎഫില്‍ സിപിഎമ്മിന് രണ്ട് സീറ്റും, സിപിഐയ്ക്ക് രണ്ട് സീറ്റും നഷ്ടമായി.