അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവം; ജനുവരി 04 മുതൽ തലസ്ഥാന ന​ഗരിയിൽ, വേദികൾക്ക് നദികളുടെ പേര്


തിരുവനന്തപുരം: അറുപത്തിമൂന്നാമത് സ്കൂൾ കലോത്സവം ജനുവരി 04 മുതൽ 08 വരെ തിരുവനന്തപുരം നഗരത്തിൽ നടക്കും. 25 വേദികൾക്ക് നദികളുടെ പേര് ആയിരിക്കുമെന്നും പ്രധാന വേദി സെൻട്രൽ സ്റ്റേഡിയം ആണെന്നും വിദ്യാഭ്യാസ മന്ത്രി മന്ത്രി പറഞ്ഞു. സ്കൂൾ കലോത്സവത്തിൻ്റെ പ്രൊഗ്രാം ഷെഡ്യൂൾ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും നൂറ്റിയൊന്നും, ഹയർസെക്കണ്ടറി വിഭാഗത്തിൽ നിന്നും നൂറ്റി പത്തും, സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും, അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത് ഇനങ്ങളിലായി പതിനയ്യായിരത്തിൽ പരം കലാപ്രതിഭകളാണ് മത്സരങ്ങളിൽ മാറ്റുരയ്ക്കുന്നത്. കലോത്സവ ചരിത്രത്തിൽ ആദ്യമായി അഞ്ച് ഗോത്ര നൃത്തരൂപങ്ങൾകൂടി ഈ വർഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാവുകയാണ്. മംഗലംകളി, പണിയ നൃത്തം, പളിയ നൃത്തം,മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയ തദ്ദേശീയ നൃത്തരൂപങ്ങൾ.

മത്സരാർത്ഥികൾ ആദ്യ 3 കോൾ വിളിക്കുമ്പോൾ തന്നെ സ്റ്റേജിലെത്തണം. വരാത്തവരെ അയോഗ്യരാക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മത്സരം രാവിലെ 9.30 ന് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരത്തിലെ മുപ്പതോളം സ്‌കൂളുകളെ അക്കോമഡേഷൻ സെന്ററുകളായി തെരഞ്ഞെടുത്തിട്ടുണ്ട്.

സ്വർണ്ണകപ്പിന്റെ ഘോഷയാത്ര ഡിസംബർ 31 ന് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് ആരംഭിച്ച് എല്ലാ ജില്ലകളിലൂടെയും പ്രയാണം പൂർത്തിയാക്കി രണ്ടായിരത്തി ഇരുപത്തിയഞ്ച് ജനുവരി 3 ന് രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ജില്ലയുടെ അതിർത്തിയായ തട്ടത്ത്മലയിൽ വച്ച് വിശിഷ്ട വ്യക്തികളുടെ സാന്നിദ്ധ്യത്തിൽ സ്വീകരിച്ച് ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കും.