ഏഴ് വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു; എകരൂല്‍ സ്വദേശിയായ പ്രതിക്ക് അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കൊയിലാണ്ടി സ്‌പെഷ്യല്‍ കോടതി
കൊയിലാണ്ടി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കുറ്റക്കാരനായ പ്രതിക്ക് ശിക്ഷ വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി. എകരൂല്‍ സ്വദേശി പൂച്ചപ്പള്ളി ബാബുവിനെ (51) ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് അനില്‍ ടി.പി ശിക്ഷിച്ചത്.
അഞ്ച് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് ഇയാള്‍ക്ക് കോടതി വിധിച്ച ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ എട്ട് മാസം കൂടി തടവ് അനുഭവിക്കണം. പോക്‌സോ നിയമത്തിലെയും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.
2019 ല്‍ ആണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. വീടിന് പുറത്തെ ശുചിമുറിയില്‍ പോയി തിരിച്ചു വരികയായിരുന്ന ഏഴുവയസുകാരി പെണ്‍കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഉറങ്ങാന്‍ കിടന്ന കുട്ടി അമ്മയോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ബാലുശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സബ് ഇന്‍സ്‌പെക്ടര്‍ ദിനേഷ് കുമാര്‍ പി ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി.ജെതിന്‍ ഹാജരായി.
ഈ വാർത്തയോടുള്ള നിങ്ങളുടെ പ്രതികരണം അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..