മദ്യത്തിലാറാടി ഓണാഘോഷം; ബിവറേജിന്റെ പേരാമ്പ്രയിലെ മദ്യവില്‍പ്പനശാലയില്‍ തിരുവോണത്തലേന്ന് വിറ്റത് 51ലക്ഷത്തിന്റെ മദ്യം


പേരാമ്പ്ര: ഉത്രാടദിനത്തില്‍ പേരാമ്പ്രയിലെ ബിവറേജസ് ഔട്ട്‌ലറ്റില്‍ നിന്ന് വിറ്റുപോയത് 51ലക്ഷം രൂപയുടെ മദ്യം. കോഴിക്കോട് ജില്ലയിലെ ബീവറേജസിന്റെ രാമനാട്ടുകരയിലെ ഔട്ട്‌ലറ്റിലാണ് ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത്. 81ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റുപോയത്.

പയ്യോളിയിലെ ബീവറേജസ് ഔട്ട്ലെറ്റില്‍ 50,15,630 രൂപയുടെ മദ്യമാണ് ഈ ഓണക്കാലത്ത് വിറ്റുപോയത്. സംസ്ഥാനതലത്തില്‍ ആകെ 117 കോടി രൂപയുടെ മദ്യമാണ് ഈ ഓണക്കാലത്ത് വിറ്റത്. കൊല്ലം ജില്ലയിലെ ആശ്രാമം ബെവ്കോ ഔട്ട്ലെറ്റാണ് സംസ്ഥാനതലത്തില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇവിടെ നിന്ന് വിറ്റുപോയത്. കൊല്ലം ജില്ലയിലെ നാല് ഔട്ട്ലെറ്റുകളില്‍ ഒരു കോടിയിലേറെ രൂപയുടെ വ്യാപാരം നടന്നു.

കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 85 കോടി രൂപയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 32 കോടി രൂപയുടെ അധികവരുമാനമാണ് ഈ വര്‍ഷമുണ്ടായത്. ഉത്രാടം വരെയുള്ള ഏഴ് ദിവസം കൊണ്ട് വിറ്റത് 624 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം ഇത് 529 കോടിയായിരുന്നു. നികുതിയിനത്തില്‍ സര്‍ക്കാരിന് 550 കോടി രൂപയോളം ലഭിച്ചെന്നാണ് കണക്ക്. തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.

കണ്‍സ്യൂമര്‍ഫെഡിന്റെ മദ്യവില്‍പ്പനശാലകളിലെ വില്‍പ്പനയുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ ഫെഡ് പ്രീമിയം മദ്യവില്‍പ്പനശാലയിലാണ് ജില്ലയില്‍ ഏറ്റവുമധികം വില്‍പ്പന നടന്നത്.

1,56,32,000 രൂപയുടെ കച്ചവടമാണ് കൊയിലാണ്ടിയിലെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ ഈ ഓണനാളുകളില്‍ നടന്നത്. 1,51,70,000 രൂപയുടെ വിറ്റുവരവുമായി കോഴിക്കോട് നഗരത്തിലെ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് തൊട്ടുപിന്നിലുണ്ട്. ജില്ലയിലെ മൂന്നാമത്തെ കണ്‍സ്യൂമര്‍ഫെഡ് പ്രീമിയം ഔട്ട്ലെറ്റായ തൊട്ടില്‍പാലത്തെ ഔട്ട്ലെറ്റില്‍ 92,00,000 രൂപയുടെ കച്ചവടമാണ് നടന്നതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.