കൊയിലാണ്ടിയിൽ ഡിവൈഡറിൽ ഇടിച്ച് വീണ്ടും വാഹനാപകടം; വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിൽ; ഒരാൾക്ക് പരിക്ക്
കൊയിലാണ്ടി: ഡിവൈഡറിൽ ഇടിച്ച് വീണ്ടും നഗരത്തിൽ വാഹനാപകടം. ഇന്ന് രാത്രി എട്ടരയോടെയാണ് ഡിവൈഡറില്‍ ഇടിച്ച് കാര്‍ അപകടത്തില്‍ പെട്ടത്. വാഹനത്തിലുണ്ടായിരുന്ന സ്ത്രീയെ നിസ്സാര പരുക്കുകളോടെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്.
കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിലായിരുന്നു സംഭവം. പോലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് നഗരത്തില്‍ നേരിയ ഗതാഗതക്കുരുക്കുണ്ടായി. ശനിയാഴ്ചയും സമാനമായ രീതിയിൽ അപകടമുണ്ടായിരുന്നു. കൃത്യമായ റിഫ്ളക്ടറുകളോ ഡിവൈഡർ കാട്ടുന്നതിനായോ സംവിധാനങ്ങളോ ഒന്നുമില്ലാത്തതാണ് അപകടത്തിന് കാരണമായതെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്നവർ പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു.
കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറിലിടിച്ച അപകടങ്ങൾ പരമ്പരയായിരിക്കുകയാണ്. ശനിയാഴ്ചയും സമാനമായ അപകടം സംഭവിച്ചിരുന്നു. പാലക്കാട് നിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരനും അതിനു മുൻപ് അപകടത്തില്‍പെട്ടിരുന്നു. മണിയൂര്‍ സ്വദേശി മൊയ്തീന്‍ സഞ്ചരിച്ച ബൈക്ക് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതിനു മുൻപ് ഡിവൈഡറിൽ തട്ടി ലോറി മറിഞ്ഞു.
കൊയിലാണ്ടിയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും സൗന്ദര്യവല്‍ക്കരണത്തിനുമായി ദേശീയപാതയില്‍ സ്ഥാപിച്ച ഡിവൈഡറുകളാണ് വാഹന യാത്രക്കാര്‍ക്ക് ഭീഷണിയുയര്‍ത്തുന്നത്.
മുന്നറിയിപ്പോ റിഫ്ലക്ടറോ ഇല്ലാതെയാണ് കൊയിലാണ്ടി നഗരത്തിൽ ഡിവൈഡറുകൾ സ്ഥാപിക്കുന്നതെന്ന് ആരോപണവുമുണ്ട്. വെളിച്ചക്കുറവും വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു. ഈ പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കണ്ടില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഈ സ്ഥലം പരിചയമില്ലാത്തവരാണ് കൂടുതലായി അപകടത്തിൽ പെടുന്നതെന്നും സംഭവ സ്ഥലത്തുണ്ടായിരുന്നവർ പ്രതികരിച്ചു.
ഫെബ്രുവരി ആദ്യമാണ് കൊയിലാണ്ടി നഗരഹൃദയത്തിലെ ദേശീയപാതയില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാനായി കോണ്‍ക്രീറ്റ് ഡിവൈഡറുകള്‍ സ്ഥാപിച്ചത്. കോടതിക്ക് മുന്നിലുള്ള ഭാഗത്താണ് ഇവ സ്ഥാപിച്ചത്.
നേരത്തേ മണല്‍ച്ചാക്കുകള്‍ ഉപയോഗിച്ച് ഇവിടെ താല്‍ക്കാലിക ഡിവൈഡര്‍ സ്ഥാപിച്ചിരുന്നു. ഇത് ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്നുവെന്ന് കണ്ടതിനെ തുടര്‍ന്നാണ് സ്ഥിരം ഡിവൈഡര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.