50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്രചെയ്യുന്നവര്‍ രേഖകള്‍ സൂക്ഷിക്കണം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 50,000 രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ചെലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍ മൂന്ന് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചത്.
എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡില്‍ രണ്ട് സായുധ പോലീസ് ഉദ്യോഗസ്ഥരും ഒരു വീഡിയോഗ്രാഫറും ഉണ്ടാകും. സ്ഥാനാര്‍ത്ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനത്തില്‍ മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയാലും പിടിച്ചെടുത്തു ജനപ്രാതിനിധ്യ നിയമപ്രകാരം നടപടി സ്വീകരിക്കും.
സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പു ചെലവുകള്‍ പരിശോധിക്കുന്നതിനു പുറമേ വോട്ടിനായി പണം നല്‍കുക, സഹായം നല്‍കുക, അനധികൃതമായ ആയുധം കൈവശംവയ്ക്കുക, മദ്യം വിതരണം നടത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സ്‌ക്വാഡ് നിരീക്ഷിക്കും. അനധികൃതവും ചട്ടവിരുദ്ധവുമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി സമര്‍പ്പിക്കാം. പരാതികള്‍ പരിശോധിച്ച് നടപടി എടുക്കുന്നതിന് കലക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. നമ്പര്‍ 0495-2934800, 18004254368.