ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം
മേപ്പയ്യൂർ: കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടികൂടിയ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേരത്തെയും വിജിലൻസിന്റെ സംശയനിഴലിലുള്ള ആൾ. ഏതാനും മാസം മുമ്പ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇയാളുടെ കൈവശം കണക്കിൽപെടാത്ത 500 രൂപ കണ്ടെത്തിയിരുന്നു. അന്ന് താക്കീത് ചെയ്ത് വിട്ടയച്ച വിജിലൻസ് ഇത്തവണ കൈക്കൂലി സഹിതം ബാബുരാജിനെ പൂട്ടുകയായിരുന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നൽകുന്നതിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. ചെറിയമുണ്ടം സ്വദേശിയായ ഗിരീഷ്കുമാറിൽ നിന്നാണ് ഇയാൾ പണം വാങ്ങിയത്.
രണ്ട് വർഷം മുമ്പാണ് ബാബുരാജ് തിരൂർ സബ് രജിസ്ട്രാർ ഓഫീസിൽ അറ്റൻഡറായി എത്തിയത്. പിന്നീട് ഓഫീസ് അസിസ്റ്റന്റായി പ്രമോഷൻ ലഭിച്ചു. ഫയൽ നീക്കങ്ങൾക്കെല്ലാം ഇയാൾ കൈക്കൂലി വാങ്ങിയിരുന്നെന്നാണ് ആരോപണം. അരലക്ഷത്തിന് മുകളിലാണ് ബാബുരാജിന്റെ ശമ്പളം. മറ്റ് ആനുകൂല്യങ്ങൾ കൂടിയാകുന്നതോടെ മുക്കാൽ ലക്ഷത്തിലേറെ രൂപ ലഭിക്കും. ഇതിനൊപ്പമാണ് കെെക്കൂലിയും. മെയ്യിൽ വിരമിക്കാനിരിക്കെയാണ് കെെക്കൂലി കേസിൽ പിടിയിലായത്. നാല് മണിക്കൂറോളമാണ് വിജിലൻസിന്റെ നടപടി നീണ്ടത്.
തറവാട് വക സ്ഥല ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ലഭിക്കുന്നതിനായി ഗിരീഷ്കുമാർ കഴിഞ്ഞദിവസം തിരൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ചെന്നിരുന്നു. ഈ സമയത്ത് ഓഫീസിലുണ്ടായിരുന്ന ബാബുരാജ് ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്കാൻ 1000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പൊതുപ്രവർത്തകനായ വാണിയന്നൂർ സ്വദേശി ഗിരീഷ്കുമാർ ഈ വിവരം വിജിലൻസിന് കെെമാറി. മണിക്കൂറുകൾക്കുള്ളിൽ വിജിലൻസ് തന്ത്രങ്ങൾ മെനഞ്ഞ് വലവിരിച്ചു.
ഇന്നലെ രാവിലെ പത്തരയോടെ ഓഫീസിലെത്തിയ ഗിരീഷ്കുമാർ വിജിലൻസ് നൽകിയ ഫിനോഫ്തലിൻ പുരട്ടിയ പണം നൽകുകയും പിന്നാലെ വിജിലൻസ് സംഘം ബാബുരാജിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പൊലീസ് പിടിയിലായിട്ടും കുലുക്കമില്ലാതെയായിരുന്നു ബാബുരാജിന്റെ പെരുമാറ്റങ്ങൾ. വിജിലൻസ് സംഘത്തിനു പലപ്പോഴും കൃത്യമായ വിവരങ്ങൾ നൽകിയില്ല. ഭാവമാറ്റങ്ങളൊന്നുമില്ലാതെ വിജിലൻസിന്റെ ചോദ്യങ്ങളെ നേരിട്ടു. ഇയാളുടെ മൊബൈൽ ഫോണിലെ കോൾലിസ്റ്റും വാട്സാപ്പ് സന്ദേശങ്ങളും ഇരിപ്പിടവും മേശയുമെല്ലാം വിജിലൻസ് പരിശോധിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിജലൻസ് നടപടികൾ പൂർത്തിയാക്കിയത്.
രണ്ട് വാഹനങ്ങളിലായാണ് വിജിലൻസ് സംഘം തിരൂരിലെത്തിയത്. രാവിലെ പത്തോടെ തന്നെ ഓഫീസും പരിസരവും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ മലപ്പുറം വിജിലൻസ് ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീക്ക് അറിയിച്ചു.
ആധാരത്തിന്റെ സർട്ടിഫൈഡ് കോപ്പിക്കായാണ് ഗിരീഷിനോട് ഉദ്യോഗസ്ഥൻ കൈക്കൂലി ആവശ്യപ്പെട്ടത്. മറ്റൊരാളും കൈക്കൂലി ആവശ്യപ്പെട്ടതായി പരാതിക്കാരൻ പറയുന്നുണ്ട്. ഒരു ദിവസം കൊണ്ട് ലഭിക്കേണ്ട സർട്ടിഫൈഡ് കോപ്പിക്കായി ഗിരീഷ്കുമാർ വട്ടം കറങ്ങിയത് ഒരു മാസം. കൈക്കൂലിയായി ആദ്യം ആവശ്യപ്പെട്ടത് 500 രൂപ. മണിക്കൂറുകൾക്കുള്ളിൽ കൈക്കൂലി ഇരട്ടിയാക്കി.
ഓൺലൈനായാണ് ഗിരീഷ്കുമാർ സർട്ടിഫൈഡ് കോപ്പിക്ക് അപേക്ഷിച്ചത്. സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ പ്രദർശിപ്പിച്ചിട്ടുള്ള പൗരാവകാശ രേഖ പ്രകാരം ഒരു ദിവസത്തിനകം ഇത് നൽകണം. ഇതിനാണ് ആയിരം രൂപയുടെ പേരിൽ ഒരു മാസം വലച്ചത്. ബുധനാഴ്ച വൈകിട്ട് 501രൂപയുമായി എത്താനായിരുന്നു ബാബുരാജിന്റെ നിർദ്ദേശം. വൈകിട്ടെത്തിയപ്പോൾ ആയിരം രൂപയുമായി വ്യാഴാഴ്ച രാവിലെ എത്താൻ പറഞ്ഞു. മണിക്കൂറുകൾ കൊണ്ടാണ് കൈക്കൂലി ഇരട്ടിയായി മാറിയത്. തുടർന്നാണ് വിജിലൻസിനെ സമീപിച്ചത്.
ബാബുരാജിനെ പിടികൂടിയതിന് പിന്നാലെ വിജിലൻസ് സംഘം വിവരങ്ങൾ ആരാഞ്ഞപ്പോൾ ഓഫീസിലെ പല ഉദ്യോഗസ്ഥർക്കും കൃത്യമായ മറുപടികളുണ്ടായില്ല. പല ചോദ്യങ്ങൾക്ക് മുന്നിലും ഉദ്യോഗസ്ഥർക്ക് ഉത്തരം മുട്ടി. പല ഉത്തരങ്ങളിലും അവ്യക്തത മുഴച്ച് നിന്നു. കൃത്യമായ വിശദീകരണങ്ങൾ നൽകാതെ ഒഴിഞ്ഞുമാറുന്ന മറുപടികളാണ് വിജിലൻസിന് ലഭിച്ചത്.
Summary: Meppayur native sub registar office assistant who was caught by the vigilance was also accused of bribery