കുറ്റ്യാടി പുഴയുടെ തീരം അണിഞ്ഞൊരുങ്ങുന്നു; കുറ്റ്യാടി പൈതൃകപാത പദ്ധതിക്കായി 5.7 കോടി രൂപയുടെ ഡിപിആർ സർക്കാരിന് സമർപ്പിക്കുന്നു
കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ തീരം അണിഞ്ഞൊരുങ്ങുന്നു. കുറ്റ്യാടി പൈതൃകപാത പദ്ധതിക്കായി 5.7 കോടി രൂപയുടെ ഡിപിആർ സർക്കാരിന് സമർപ്പിക്കാൻ പോകുന്നു. പുഴയുടെ തീരത്ത് കൂടി കുറ്റ്യാടി ടൗണിലേക്ക് എത്തിച്ചേരുന്ന നിലവിലെ പാത നവീകരിച്ച്
സൗന്ദര്യവത്ക്കരിക്കും, കൂടാതെ ഭക്ഷണശാലകളുടെ നിർമാണവും, ടോയ്‌ലറ്റ് ബ്ലോക്കും, ഡ്രെയിനേജ് കം യൂട്ടിലിറ്റി സൗകര്യവും, മതിലുകളും ലാൻഡ്സ്കേപ്പ് പ്രവൃത്തികളും, ലൈറ്റുകളും, നിലവിലെ ചിൽഡ്രൻസ് പാർക്ക് നവീകരണവുമാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തുന്നത്.
പുഴയുടെ തീരത്ത് കൂടി കുറ്റ്യാടി ടൗണിലേക്ക് എത്തിച്ചേരുന്ന നിലവിലെ പാതയുടെ ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുന്നതിനായ 5.7 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റി ടൂറിസം ഡയറക്ടർക്ക് സമർപ്പിച്ചിരുന്നു. പദ്ധതിയിൽ ചില ഭേദഗതികൾ നിർദ്ദേശിക്കപ്പെടുകയും ഇവ ടൂറിസം വകുപ്പിലേക്ക് അയക്കാൻ വടകര റസ്റ്റ് ഹൗസിൽ വച്ച് ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
പൈതൃക പാത സൗന്ദര്യവൽക്കരണവും, ഒഴിവു സമയങ്ങളിൽ വിനോദകേന്ദ്രമായും വ്യായാമ കേന്ദ്രമായും പൈതൃകപാത മാറും. കുട്ടികൾക്കും മുതിർന്നവർക്കും വൈകുന്നേരങ്ങളിൽ പുഴയോരത്ത് സമയം ചെലവഴിക്കാനും സാധിക്കും.വടകരയിൽ വച്ച് ചേർന്ന യോഗത്തിൽ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, യു.എൽ.സി.സി.എസ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.