38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റ്; തീ പാറും പോരാട്ടത്തിനൊടുവില്‍ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട് സെമിഫൈനലില്‍


കൂരാച്ചുണ്ട്: 38-മത് വട്ടുകുളം ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ അവസാന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ കഴിഞ്ഞ ടൂര്‍ണമെന്റിലെ റണ്ണേഴ്‌സ് ആയ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ടിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്ന് അരീക്കോട്
സെമിഫൈനലില്‍ പ്രവേശിച്ചു.

ടൂര്‍ണമെന്റിലെ ഗ്ലാമര്‍ ടീമുകളില്‍ ഒന്നായ എഫ്‌സി ഷൂട്ടേഴ്‌സ് കൂരാച്ചുണ്ട് പതിവ് പോലെ വിദേശതാരങ്ങളെയും, സേവന്‍സ് ടൂര്‍ണമെന്റുകളില്‍ മിന്നിത്തിളങ്ങുന്ന പ്രഗത്ഭ താരങ്ങളുടെ വന്‍ നിരയുമായി തന്നെയാണ് ഇന്നുമെത്തിയത്.
അരീക്കോട് കഴിഞ്ഞ ദിവസം കല്ലാനോടുമായി കളിച്ച ടീമില്‍ കാതലായ മാറ്റങ്ങള്‍ വരുത്താതെയാണ് കളത്തിലിറങ്ങിയത്.

എന്നാല്‍ കളി തുടങ്ങിയപ്പോള്‍ തന്നെ അരീക്കോട് മേല്‍ക്കോയ്മ നേടുന്നതാണ് കാണാന്‍ സാധിച്ചത്. ആദ്യ പകുതിയുടെ മുപ്പതാം മിനിറ്റില്‍ അരീക്കോട് താരത്തിന്റെ ഗോള്‍ എന്നുറച്ച ഷോട്ട് വളരെ കഷ്ടപ്പെട്ടാണ് എഫ്‌സിഎസിന്റെ കീപ്പര്‍ കയ്യിലൊതുക്കിയത്. ആദ്യ പകുതിയില്‍ അരീക്കോടിന്റെ ഗോള്‍കീപ്പര്‍ക്ക് ശരീരമനങ്ങാനുള്ള ഒരു ഷോട്ട് പോലും ഉണ്ടായിരുന്നില്ല എന്ന് മാത്രമല്ല കളിയുടെ ഏറിയ പങ്കും എഫ്‌സിഎസ്‌ന്റെ ഗോള്‍ മുഖത്ത് തന്നെ കറങ്ങി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ എഫ്‌സിഎസ് ഡിഫന്റര്‍മാരെ മറികടന്ന് മുന്നോട്ട് കുതിക്കാനുള്ള അരീക്കോട് താരത്തിന്റെ ശ്രമം തടയാനുള്ള എഫ്‌സിഎസ് പ്രതിരോധ നിരയുടെ നീക്കം ഒടുവില്‍ പെനാല്‍റ്റി വിസിലിലാണ് അവസാനിച്ചത്.
പെനാല്‍റ്റി കിക്കെടുത്ത ടീം ക്യാപ്റ്റന്‍ കൂടിയായ അരീക്കോടിന്റെ ജേഴ്‌സി നമ്പര്‍ 20 വിസ്ഡം എഫ്‌സിഎസ് കീപ്പര്‍ക്ക് ഒരവസരം പോലും നല്‍കാതെ ഗോള്‍ വല കുലുക്കി.

കളിയുടെ രണ്ടാം പകുതിയും അരീക്കോടിന്റെ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റില്‍ എഫ്‌സിഎസിന് ലഭിച്ച ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി മടങ്ങിയതും തുടര്‍ ഷോട്ടുകള്‍ നിര്‍ഭാഗ്യം കൊണ്ട് പുറത്തായതും എഫ്‌സിഎസിനെ പുറത്തേക്കുള്ള വഴി തെളിച്ചു. ആദ്യ പകുതിയില്‍ നേടിയ ഏക ഗോളിന്റെ പിന്‍ബലത്തില്‍ അരീക്കോട് സെമിയിലേക്കും കുതിച്ചു. കളിക്കവസാനം സംഭവിച്ച ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ അക്ഷരാര്‍ത്ഥത്തില്‍ തീ പാറും പോരാട്ടമായിരുന്ന കളിയുടെ അവസാന നിമിഷങ്ങളില്‍ ഗൗണ്ടില്‍ അരങ്ങേറിയത്.

യൂത്ത് കോണ്‍ഗ്രസ് കൂരാച്ചുണ്ട് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കമ്മറ്റി സ്‌പോണ്‍സര്‍ ചെയ്യുന്ന ഹീറോ ഓഫ് ദി മാച്ച് പുരസ്‌ക്കാരത്തിന് അരീക്കോടിന്റെ ജേഴ്‌സി നമ്പര്‍ 20 വിസ്ഡം തിരഞ്ഞെടുക്കപ്പെട്ടു. കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അമ്മദ് എന്നിവര്‍ ട്രോഫിയും മെഡലും കൈമാറി.

സ്‌ക്രീനിംഗ് കമ്മിറ്റി അംഗങ്ങളായ ഹാരിസ് കൂരാച്ചുണ്ട്, സുനീര്‍ കൂരാച്ചുണ്ട്, രാഹുല്‍ രാഘവന്‍, സണ്ണി എന്നിവര്‍ ചേര്‍ന്ന്
ഹീറോ ഓഫ് ദി മാച്ച് പുരസ്‌ക്കാര ജേതാവിനെ തെരഞ്ഞെടുത്തു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് കളിക്കാരെ പരിചയപ്പെട്ടു.