300 ഗ്രാം ഹാഷിഷുമായി കോഴിക്കോട് രണ്ട് യുവാക്കൾ പിടിയിൽ


കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ വില്പനയ്ക്കായെത്തിച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട ഹാഷിഷുമായി ഉത്തരേന്ത്യൻ സ്വദേശികളായ രണ്ട് യുവാക്കളെ ജില്ലാ ആൻഡി നർക്കോട്ടിക്ക് സ്പെഷ്യൽ ആക്‌ഷൻ ഫോഴ്സും ചെമ്മങ്ങാട് പോലീസും ചേർന്ന് പിടികൂടി. രാജസ്ഥാൻ സ്വദേശിയായ സുമിത്ത്കുമാർ ചൗഹാൻ (23), ഉത്തർ പ്രദേശിലെ ആഗ്രാ സ്വദേശി വികാസ് സിങ് (28) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന്‌ 300 ഗ്രാം ഹാഷിഷ് പോലീസ് കണ്ടെടുത്തു.

ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജിന് സമീപമുള്ള അതിഥി ത്തൊഴിലാളികൾ താമസിക്കുന്ന റൂമിൽ ലഹരി മരുന്നു വിൽപ്പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. പിടികൂടിയത് മണാലി ഹാഷിഷാണെന്നും ചില്ലറ മാർക്കറ്റിൽ ഇതിന് രണ്ട് ലക്ഷത്തിലധികം രൂപ വിലമതിക്കുമെന്നും പോലീസ് പറഞ്ഞു.

ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ.മാരായ എം. മുഹമ്മദ് ഷാഫി, എം. സജി, സീനിയർ സി.പി.ഒ. കെ. അഖിലേഷ്, സി.പി.ഒ. എം. ജിനേഷ്, ചെമ്മങ്ങാട് പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ.മാരായ സുരേഷ് ബാബു, മനോജ്, സീനിയർ സി.പി.ഒ. സജിൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.