25,000 യൂണിറ്റ് കേന്ദ്രങ്ങളില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ഡി.വൈ.എഫ്.ഐ


തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം കൂടുതലുള്ള സാഹചര്യത്തില്‍ കോവിഡ് വാക്‌സിന്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കുമെന്ന് ഡിവൈഎഫ്‌ഐ. കാല്‍ ലക്ഷം കേന്ദ്രങ്ങളിലാണ് ഡിവൈഎഫ്‌ഐ ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിക്കുന്നത്.

മേയ് ഒന്ന് മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ ആരംഭിക്കുകയാണ്. ഇത് കൂടുതല്‍ തിരക്ക് വര്‍ദ്ധിപ്പിക്കും. ഈ സാഹചര്യത്തില്‍ മുഴുവന്‍ പേരെയും വാക്സിനേഷന്‍ രജിസ്ട്രേഷന്റെ ഭഗമാക്കുന്നതിനുള്ള സാമൂഹിക ഉത്തരവാദിത്വം ഡിവൈഎഫ്ഐ ഏറ്റെടുക്കുകയാണ്. ഇതിന്റെ ഭാഗമായി ശനിയാഴ്ച്ച മുതല്‍, ഡിവൈഎഫ്ഐ എല്ലാ യൂണിറ്റ് കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ഹെല്‍പ്പ് ഡെസ്‌ക് ആരംഭിക്കും. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള വാക്‌സിനേഷനാണ് ഇപ്പോള്‍ നടന്നുവരുന്നത്.

കോവിഡ് ആരംഭിച്ച 2020 മര്‍ച്ചുമുതല്‍ തന്നെ ഡിവൈഎഫ്ഐ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്. ‘ഞങ്ങളുണ്ട്’ ക്യാമ്പയിന്റെ ഭാഗമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുകയും നടപ്പാക്കി വരികയും ചെയ്യുന്നു. സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകള്‍ നടന്നുവരുന്ന സാഹചര്യത്തില്‍ കോവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥികളെ പരീക്ഷ കേന്ദ്രത്തില്‍ എത്തിക്കുന്ന ”സ്‌നേഹയാത്ര”യിലൂടെ നിരധി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കാന്‍ കഴിഞ്ഞു.