24ന്റെ ചെറുപ്പം, കാച്ചിയിൽ അജ്നഫ് ചരിത്രം രചിക്കുന്നു


ചേമഞ്ചേരി: ചെറുപ്പക്കാർ ഭരണസാരഥികൾ ആവുന്നത് ആഘോഷിക്കുകയാണ് കേരളം. ഈ വർഷത്തെ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ നിരവധി ചെറുപ്പക്കാരെ മത്സര രംഗത്തിറക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. മത്സരിച്ച ചെറുപ്പക്കാരായ സ്ഥാനാർത്ഥികൾക്ക് നല്ല സ്വീകാര്യതയും പിന്തുണയും സമൂഹത്തിൽ നിന്ന് ലഭിക്കുകയും ചെയ്തു. എന്നാൽ ജയിച്ചു വന്ന ചെറുപ്പക്കാരെ ഭരണസാരഥ്യമേൽപ്പിച്ച് സി.പി.ഐ.എം മാതൃകകാട്ടിയപ്പോൾ കേരളം പുതുചരിത്രം രചിക്കുകയായിരുന്നു.

21 വയസ്സുമാത്രം പ്രായമുള്ള ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയറും, രേഷ്മ മറിയം റോയ് അരുവാപുലം പഞ്ചായത്ത് പ്രസിഡണ്ടുമായപ്പോൾ അത് രാജ്യത്ത് തന്നെ പുതിയ റെക്കോഡായി. 23 വയസ്സുകാരി ശാരുതി കോഴിക്കോട് ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ടായി.അങ്ങനെ നിരവധി പേരുകൾ സമൂഹം ചർച്ച ചെയ്തു. ആ നിരയിലേക്ക് കൊയിലാണ്ടിയുടെ സംഭാവനയാണ് അജ്നഫ്. 24 വയസ്സ് മാത്രം പ്രായമായ കാച്ചിയിൽ അജ്നഫ് ഇന്നലെ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി ചുമതലയേറ്റു.

ഡി വൈ എഫ് ഐ വെങ്ങളം മേഖല സെക്രട്ടറിയും, കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അംഗവുമായ അജ്നഫ് സി പി ഐ എം കാട്ടിൽപ്പീടിക ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ എസ് എഫ് ഐ പ്രവർത്തകനായിരുന്നു. എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ടായും, പയ്യോളി ഏരിയ കമ്മറ്റി അംഗമായും പ്രവർത്തിച്ചു

നാട് പ്രതിസന്ധിയിലായ കാലത്തെല്ലാം സഹായവുമായി അജ്നഫ് ഉണ്ടായിരുന്നു നാട്ടുകാർക്കൊപ്പം. കോവിഡ് കാലത്ത് വീടുകളിൽ കിറ്റ് എത്തിക്കാനും, ക്വോറന്റെയ്നിൽ ഇരിക്കുന്നവർക്ക് സഹായമെത്തിക്കാനും ഇവൻ ഉണ്ടായിരുന്നു. ഡിവൈഎഫ്ഐ യുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ വീടുവീടാന്തരം കയറി ആക്രിസാധനങ്ങൾ ശേഖരിക്കാനും നേതൃത്വമായി അജ്നഫ് ഉണ്ടായിരുന്നു.

ബി എസ് സി ഫിസിക്സ് ബിരുദധാരിയായ അജ്നഫ് മേപ്പയ്യൂർ സലഫി കോളേജിൽ നിന്ന് ടി.ടി.സി യും നേടിയിട്ടുണ്ട്.

പ്രവാസിയായ റസാഖിന്റെയും സൈനബ യുടെയും മകൻ ആണ് റിഷഫാത്തിമ സഹോദരിയാണ്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക