മുഫീദിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ ജന്മനാട്; കൊയിലാണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ഹില്‍ബസാര്‍ സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച ഖബറടക്കും
കൊയിലാണ്ടി: മുഫീദിന്റെ അപ്രതീക്ഷിതമായ മരണത്തിന്റെ നടുക്കത്തിലാണ് ജന്മനാടായ ഹില്‍ബസാര്‍. കഴിഞ്ഞ നാള്‍ വരെ തങ്ങളുടെ മുന്നില്‍ ഊര്‍ജ്ജസ്വലനായി നടന്ന ഇരുപത്തിയൊന്നുകാരന്‍ ഒരുനിമിഷം കൊണ്ട് ഇല്ലാതായി എന്ന വാര്‍ത്ത ഉള്‍ക്കൊള്ളാന്‍ മുഫീദിന്റെ ജന്മനാടിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഇന്ന് രാവിലെ പതിനൊന്നരയോടെ ഉണ്ടായ വാഹനാപകടത്തിലാണ് മുഫീദിന് ദാരുണാന്ത്യം സംഭവിച്ചത്. കൊയിലാണ്ടി ബി.ഇ.എം യു.പി സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിലാണ് മുഫീദ് മരിച്ചത്.
മുഫീദും കൂട്ടുകാരനും ബൈക്കില്‍ യാത്ര ചെയ്യവെ മുന്നിലുണ്ടായിരുന്ന വണ്ടി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ കൂട്ടിയിടിക്കാതിരിക്കാനായി ബൈക്ക് സഡന്‍ ബ്രേക്കിടുകയായിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് മറിയുകയും രണ്ട് പേരും തെറിച്ച് വീഴുകയും ചെയ്തു. പിന്നാലെ എത്തിയ ലോറി ദേഹത്ത് കയറിയാണ് മുഫീദിന് ഗുരുതരമായി പരിക്കേറ്റത്. അപകടശേഷം ലോറി നിര്‍ത്താതെ പോയി.
സുഹൃത്ത് അനസ് പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും മുഫീദിന് പരിക്കുകളെ അതിജീവിക്കാനായില്ല. അപകടം നടന്ന ഉടന്‍ തന്നെ മുഫീദിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുഫീദിന്റെ ഹെല്‍മറ്റ് പൊട്ടിച്ചിതറിയ നിലയിലായിരുന്നു.
മൂടാടി ഹില്‍ബസാറിലെ കളരിവളപ്പില്‍ റഫീഖിന്റെയും ജസീലയുടെയും മകനാണ് മുഫീദ്. അഫീഫും ആസിഫുമാണ് സഹോദരങ്ങള്‍.
കൊയിലാണ്ടിയിൽ ലോറി ബൈക്കിൽ ഇടിച്ച് അപകടം; മൂടാടി സ്വദേശിയായ ഇരുപത്തിയൊന്നുകാരൻ മരിച്ചു
മുഫീദിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തുടര്‍ന്ന് ഹില്‍ബസാര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും.