2016 ല്‍ വടകരയില്‍ നടന്ന കൊലപാതകശ്രമം: പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും


കോഴിക്കോട്: വടകര ഹൈവേ റോഡിലെ ശ്രീമണിബിയർ പാർലറിനുസമീപം നടന്ന കൊലപാതകശ്രമക്കേസിലെ പ്രതികൾക്ക് കോടതി 10 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജ് കെ. അനിൽകുമാറാണ് ഒന്നാംപ്രതി വടകര ബീച്ച്റോഡിൽ മലയിൽ മെഹറൂഫ്, രണ്ടാംപ്രതി മന്ദരത്തൂർ കോറോത്തുമീത്തൽ സുധീഷ് എന്നിവരെ ശിക്ഷിച്ചത്.

2016 ഡിസംബർ 28-ന് രാത്രി 10.30-നാണ് മേപ്പയിൽ സ്വദേശി ജംഷീർ, കടമേരി കളരിയുള്ളതിൽ രമേശ് എന്നിവരെ പ്രതികൾ കുത്തിപ്പരിക്കേൽപ്പിച്ചത്. രമേശിന് കഴുത്തിനുംമുഖത്തും സാരമായി പരിക്കേറ്റ് മെഡിക്കൽകോളേജിൽ ചികിത്സയിലായിരുന്നു. ബാറിന് സമീപം പ്രതികൾ യുവാക്കളെ തടയുകയും തുടർന്നുണ്ടായ തർക്കത്തിനിടെ ബ്ലേഡ് ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

പിഴസംഖ്യ അടയ്ക്കുന്നപക്ഷം കേസിൽ പരിക്കേറ്റ രമേശിന് നൽകുവാനും ഉത്തരവായി. പ്രോസിക്യൂഷനുവേണ്ടി അഡി.പബ്ലിക് പ്രോസിക്യൂട്ടർ എം. ജയദീപ് ഹാജരായി. വടകരപോലീസ് സി.ഐ.മാരായ ഉമേഷ്, ദിനേഷ് കോറോത്ത്, കെ.കെ. വിനോദൻ, ടി. മധുസൂദനൻ എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.