ഇയര്‍ഫോണ്‍ വച്ച് മൊബൈലില്‍ സംസാരിക്കവെ ട്രെയിന്‍ ഇടിച്ചു; പത്തൊമ്പതുകാരിയായ മലയാളി വിദ്യാര്‍ത്ഥിനിക്ക് ചെന്നൈയില്‍ ദാരുണാന്ത്യം, മരിച്ചത് കൊല്ലം സ്വദേശിനി


ചെന്നൈ: ട്രെയിന്‍ ഇടിച്ച് ചെന്നൈയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ പുത്തൂര്‍ സ്വദേശിനി നിഖിത കെ. സിബിയാണ് മരിച്ചത്. പത്തൊന്‍പത് വയസായിരുന്നു.

ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. കോളേജിലേക്ക് പോകാനായി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയതായിരുന്നു നിഖിത. ചെന്നൈയിലെ താംബരത്തിന് സമീപം റെയില്‍വേ ട്രാക്ക് മുറിച്ച് കടക്കവെയാണ് ട്രെയിനിടിച്ചത്.

ഇയര്‍ഫോണ്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്നു നിഖിത. ഈ സമയം താംബരത്തേക്ക് പോകുന്ന ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ട്രെയിനിന് വേഗത കുറവായിരുന്നു. ഫോണില്‍ സംസാരിച്ചിരുന്ന നിഖിത ട്രെയിന്‍ വരുന്നത് കണ്ടില്ല. നിഖിതയെ കണ്ട ലോക്കോ പൈലറ്റ് ആവര്‍ത്തിച്ച് ഹോണ്‍ മുഴക്കിയെങ്കിലും നിഖിത അത് കേട്ടില്ല.

ട്രെയിന്‍ ഇടിച്ച് തെറിപ്പിച്ച നിഖിത തല്‍ക്ഷണം മരിക്കുകയായിരുന്നു. താംബരം പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിഖിതയുടെ സഹപാഠികളും ചെന്നൈയിലുള്ള ബന്ധുക്കളും ആശുപത്രിയിലെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.