സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു
ചെന്നൈ: പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ കെ.വി. ആനന്ദ് അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി അടക്കം 14 സിനിമകള്‍ക്ക് ഛായാഗ്രാഹകനായ കെ.വി. ആനന്ദ്, ഏഴു സിനിമകള്‍ സംവിധാനം ചെയ്തു.
‘തേന്‍മാവിന്‍ കൊമ്പത്ത്’ എന്ന ചിത്രത്തിന്റെ ഛായാഗ്രഹണത്തിന് ദേശീയ അവാര്‍ഡ് നേടി. മിന്നാരം, ചന്ദ്രലേഖ എന്നീ പ്രിയദര്‍ശന്‍ ചിത്രങ്ങളുടെ ചായാഗ്രാഹകനായിരുന്നു. തമിഴിലെ 7 സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആണ്. അയന്‍, കോ, മാട്രാന്‍, കവന്‍ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ ആയിരുന്നു.
പ്രശസ്ത ഛായാഗ്രാഹകന്‍ പി.സി. ശ്രീറാമിന്റെ സഹായിയായാണ് സിനിമയിലേക്കുള്ള കെ.വി. ആനന്ദിന്റെ അരങ്ങേറ്റം. ശ്രീറാമിന്റെ ഗോപുര വാസിലെ, മീര, ദേവര്‍ മകന്‍, അമരന്‍, തിരുടാ തിരുടാ എന്നീ സിനിമകളുടെ ഭാഗമായ അദ്ദേഹം സഹ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ചു.
മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ചു. രജനീകാന്തിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ശിവജിയുടെ ക്യാമറാമാന്‍ ആയിരുന്നു. ‘തിരുടാ തിരുടാ’ എന്ന മണിരത്നം ചിത്രത്തിലെ ഗാന ചിത്രീകരണം ലോകശ്രദ്ധയാകര്‍ഷിച്ചു. ഹിന്ദി ചിത്രങ്ങളായ ജോഷ്, കാക്കി, നായക് എന്നിവയുടെ ക്യാമറാമാന്‍ ആണ്.