ടി.സി വാങ്ങാനായി പോയ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയത് ലഹരി നൽകി, പദ്ധതിയിട്ടത് ഉത്തരേന്ത്യയിലേക്ക് കടത്താൻ; എലത്തൂർ പോലീസിന്റെ പിടിയിലായ അബ്ദുൾ നാസർ പെൺകുട്ടികളെ ലഹരിക്കടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളെന്ന് പോലീസ്
അത്തോളി: ടി സി വാങ്ങാനായി വീട്ടിൽ നിന്നിറങ്ങിയ പുറക്കാട്ടേരി സ്വദേശിയായ പതിനാറുകാരിയെ കാണാതായ സംഭവത്തിൽ അറസ്റ്റിലായ അബ്ദുൾ നാസർ സ്കൂൾ കുട്ടികളെ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നയാളാണെന്ന് പോലീസ്. പെൺകുട്ടികളെ ലഹരിക്കടിമകളാക്കി പെൺവാണിഭ സംഘത്തിന് കൈമാറുന്നയാളാണ് ഇയാളെന്നും പൊലീസ് പറയുന്നു. സംഭവ ദിവസം ഇയാളുടെ കാറിലാണ് കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെൺകുട്ടി വീട്ടിലേക്ക് അവസാനമായി വിളിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ എലത്തൂർ പോലീസിന്റെ പിടിയിലായത്.
പുറക്കാട്ടേരി സ്വദേശിയായ പെൺകുട്ടിയെയാണ് കഴിഞ്ഞ ബുധനാഴ്ച കാണാതാവുന്നത്. ലഹരി നൽകി ഇയാൾ കുട്ടിയെ കടത്തിക്കൊണ്ടുപോവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യം കുന്ദമംഗലത്തും പിന്നീട് കർണാടകത്തിലേക്കുമാണ് കുട്ടിയെ എത്തിച്ചത്. പെൺകുട്ടിയെ ഉത്തരേന്ത്യയിലേക്ക് കടത്താനായിരുന്നു ഇയാളുടെ പദ്ധതി. പൊലീസ് പിന്തുടരുന്നെന്ന് മനസ്സിലാക്കിയതോടെ, ഇയാൾ ശ്രമം ഉപേക്ഷിച്ചു. കുട്ടിയുമായി നാട്ടിലേക്ക് മടങ്ങവേയാണ് പ്രതി പിടിയിലാവുന്നത്. ഇയാൾ കുട്ടിയെ കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ടി സി വാങ്ങാൻ സ്കൂളിലേക്കന്ന് പറഞ്ഞ് ബുധനാഴ്ച വീട്ടിൽ നിന്നിറങ്ങിയതായിരുന്നു പെൺകുട്ടി. ഏറെ വെെകിയിട്ടും വീട്ടിസ്‍ തിരിച്ചെത്തിയില്ല. പെൺകുട്ടി അവസാനമായി വിളിച്ച ഫോൺനമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ നടത്തിയ അന്വേഷണത്തിലാണ് കർണാടകത്തിലെ ഛന്നപട്ടണത്താണ് കുട്ടിയെന്ന് മനസ്സിലാക്കിയത്. തുടർന്ന് കർണാടക പൊലീസിൻറെ സഹായത്തോടെ അബ്ദുൾ നാസറിനെ പിടികൂടി കോഴിക്കോട്ടെത്തിച്ചു. പോക്സോ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്ത നാസറിനെ റിമാൻഡ് ചെയ്തു. ഇയാളുടെ സംഘത്തിൽ കൂടുതൽ പേരുണ്ടെന്നും പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു. അടുത്ത ദിവസം കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കും. തുടർന്ന് വൈദ്യപരിശോധനക്ക് ശേഷം കൂടുതൽ വിവരങ്ങളെടുക്കാനാണ് അന്വേഷ സംഘത്തിൻറെ തീരുമാനം.