മാഹിയിൽ നിന്നും കാണാതായ 13 കാരിയെ ഊട്ടിയിൽ നിന്നും കണ്ടെത്തി; രണ്ട് യുവാക്കൾ അറസ്റ്റിൽ


മാഹി: പള്ളൂർ ഇരട്ടപ്പിലാക്കൂലിലെ വീട്ടിൽനിന്ന് രാത്രിയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിയിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്തി. ചൊക്ലി മേനപ്രം ബാവിലേരി മീത്തല്‍ മുഹമ്മദ് ബിന്‍ ഷൗക്കത്തലിയേയും (18) പെണ്‍കുട്ടിയെയും ഊട്ടിയിലെ ലോഡ്ജില്‍ നിന്നുമാണ് കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും ഊട്ടിയിലെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെയുമാണ് രണ്ടുപേരെയും മാഹി പോലീസ് കണ്ടെത്തിയത്. ഇവരെ സഹായിച്ച ചൊക്ലി അണിയാരത്തെ തൈക്കണ്ടിയില്‍ കെ.പി സനീദി (18)നെ പള്ളൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സനീദിന്റെ ബെക്കില്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടു പോയ ശേഷം സനീദിന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് കേരളത്തിലും തമിഴ്‌നാട്ടിലുമായി പല ലോഡ്ജുകളിലായി ഷൗക്കത്തലി പെണ്‍കുട്ടിക്കൊപ്പം താമസിച്ചത്. മാത്രമല്ല പെണ്‍കുട്ടിയുടെ ആധാര്‍ കാര്‍ഡിലും കൃത്രിമം നടത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പെണ്‍കുട്ടിയുമായി ഷൗക്കത്തലി സൗഹൃദത്തിലായത്.

പെൺകുട്ടിയെ ബന്ധുക്കളെ ഏൽപിച്ചു. മാഹി പോലീസ് സൂപ്രണ്ട് ജി. ശരവണന്റെ നേതൃത്വത്തില്‍ മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ.ഷൺമുഖം, പള്ളൂർ എസ്എച്ച്ഒ സി.വി.റെനിൽ കുമാർ, ക്രൈം സ്ക്വാഡിലെ ഗ്രേഡ് എസ്ഐമാരായ കിഷോർ കുമാർ, സരോഷ് കുമാർ, എഎഎസ്ഐ സി.വി. ശ്രീജേഷ്, മഹേഷ്, സ്പെഷ്യൽ ഗ്രേഡ് വനിത എസ്ഐ ബീന പാറമ്മേൽ, ഡ്രൈവർ ശ്രീദേവ് എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്‌. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Description: 13-year-old missing from Mahi found in Ooty; Two youths were arrested