കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു


കണ്ണൂര്‍: പാനൂര്‍ കണ്ണങ്കോട് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കുഴഞ്ഞു വീണ് മരിച്ചു. മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഫര്‍മി ഫാത്തിമയാണ് മരിച്ചത്. പന്ത്രണ്ട് വയസായിരുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു കുട്ടി കുഴഞ്ഞ് വീണത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫര്‍മി ഫാത്തിമ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടാന്‍ കാരണം എന്താണെന്ന് വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ കൃത്യമായ കാരണം അറിയാന്‍ കഴിയൂ. കുട്ടിക്ക് മറ്റ് അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. കൊളവല്ലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്‌സയുടെയും മകളാണ് ഫര്‍മി ഫാത്തിമ.