മകൻ മരിച്ചിട്ട് 10 ദിവസം കഴിഞ്ഞു, അവസാനമായി ഒരുനോക്ക് കാണാൻ കാത്തിരുന്ന് കുടുംബം; സൗദിയിൽ വാഹനാപകടത്തിൽ മരിച്ച ജോയൽ തോമസിൻ്റെ മൃതദേഹം ഉടൻ നാട്ടിലെത്തുമെന്ന പ്രതീക്ഷയിൽ കുടുംബം
പേരാമ്പ്ര: സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട ജോയൽ തോമസിനെ അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരുന്ന് കുടുംബം. ഫോട്ടോഗ്രാഫറായ ജോയൽ അടുത്തിടെയായിരുന്നു സൗദി അറേബ്യയിലേക്ക് പോയത്. അവിടെ ഇവന്റ് മാനേജ്മെന്റ് കമ്പനിയിലായിരുന്നു ജോലി.
ആഗസത് 10ന് ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. അൽബാഹയിൽനിന്ന് ത്വാഇഫിലേക്ക് പോകുന്ന റോഡിൽ ഇവന്റ് മാനേജ്മെന്റ് കമ്പനിയുടെ വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. പിന്നാലെ വാഹനത്തിന് തീപിടിച്ച് ജോയൽ അടക്കം വാഹനത്തിലുണ്ടായിരുന്ന നാല് പേരും തൽക്ഷണം മരിച്ചു.
നിലവിൽ നാലുപേരുടെയും മൃതദേഹം അൽബഹാർ ആശുപത്രിയിലാണുള്ളത്. ഡിഎൻഎ ടെസ്റ്റ് കഴിഞ്ഞാൽ മാത്രമേ വിട്ടുകിട്ടുകയുള്ളൂ. ഇന്ന് വൈകുന്നേരത്തോടെ ടെസ്റ്റ് റിസൽട്ട് കിട്ടുമെന്നാണ് പ്രതീക്ഷ.
അങ്ങനെയെങ്കിൽ മൃതദേഹം ഉടൻ തന്നെ നാട്ടിലെത്തിക്കാൻ പറ്റും. ജോയലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനായി സൗദിയിലുള്ള സംഘടനകളും ജോയലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കുന്നുണ്ട്.
ലീവിന് വന്നാൽ വിവാഹം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ജോയലിന്റെ കുടുംബം. അതിനിടെയാണ് നിനച്ചിരിക്കാതെയുള്ള അപകടം സംഭവിച്ചത്. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ തുടങ്ങി നിരവധി പേരാണ് ജോയലിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനായി വീട്ടിലേക്ക് എത്തുന്നത്.
പേരാമ്പ്ര എംഎൽഎ ടിപി രാമകൃഷ്ണൻ, ഷാഫി പറമ്പിൽ എം.പി തുടങ്ങിയവർ അടുത്തിടെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. ഉടൻ തന്നെ തങ്ങളുടെ പ്രിയപ്പെട്ട ജോയലിനെ അവസാനമായി കാണാൻ പറ്റുമെന്ന പ്രാർത്ഥനയോടെ കഴിയുകയാണ് ഈ കുടുംബം.