സി.സി.ടി.വി ദൃശ്യങ്ങള്‍ പോലുമില്ല; കോഴിക്കോടെ സ്വര്‍ണ്ണ കവര്‍ച്ച കേസ് പ്രതികളെ 240 കിലോ മീറ്റര്‍ പിന്തുടര്‍ന്ന് പോലീസ് പിടികൂടിയതിങ്ങനെ


കോഴിക്കോട്: വെസ്റ്റ് ബംഗാള്‍ സ്വദേശിയില്‍ നിന്നും സ്വര്‍ണ്ണം കവര്‍ന്ന ശേഷം വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന ക്വട്ടേഷന്‍ സംഘത്തെ 240 കിലോമീറ്ററോളം പിന്തുടര്‍ന്ന് പോലീസ് സാഹസികമായി പിടികൂടി. രണ്ടുമാസത്തോളം ഒളിവിലായിരുന്ന സംഘത്തെ മംഗളൂരു മുതല്‍ കോഴിക്കോട് വരെ പോലീസ് പിന്തുടര്‍ന്ന് ബൈപ്പാസില്‍ പൂളാടിക്കുന്നില്‍ കണ്ടെയ്‌നര്‍ ലോറി വെച്ച് തടഞ്ഞു പിടികൂടുകയായിരുന്നു.

പയ്യാനക്കല്‍ തെക്കഞ്ചീരി വീട്ടില്‍കമ്പി വാവ എന്ന ജിനിത്ത് ( 37), കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടില്‍ ജമാല്‍ ഫാരിഷ് (22), പന്നിയങ്കര കീലക്കാട്ട് നിലം പറമ്പില്‍ ഷംസുദ്ദീന്‍ (31), കാസര്‍ഗോഡ് കുന്താര്‍ പോക്കറടുക്ക വീട്ടില്‍ മുഹമ്മദ് നൗഷാദ് (30 )എന്നിവരാണ് കസബ പോലീസ് ഇസ്‌പെക്ടര്‍ എന്‍.പ്രജീഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പോലീസും ചേര്‍ന്ന് പിടികൂടിയത്.

സെപ്തംബര്‍ 20ന് രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ബംഗാള്‍ വര്‍ധമാന്‍ സ്വദേശിയായ റംസാന്‍ അലി, ലിങ്ക് റോഡിലുള്ള സ്വര്‍ണ്ണ ഉരുക്ക് ശാലയില്‍ നിന്നും മാങ്കാവിലേക്ക് ബൈക്കില്‍ കൊണ്ടുപോവുകയായിരുന്ന 1.200 കിലോഗ്രാം സ്വര്‍ണ്ണം നാലു ബൈക്കിലെത്തിയ എട്ടു പേര്‍ ചേര്‍ന്ന് കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവര്‍ന്നെടുക്കുകയായിരുന്നു.

സി സി ടി വി അടക്കമുള്ള യാതൊരു വിധ തെളിവുകളും പോലീസിന് ലഭിച്ചിരുന്നില്ല. മുമ്പ് ഇത്തരം കവര്‍ച്ച കേസുകളില്‍ ഉള്‍പ്പെട്ട വരെ നേരിട്ടും രഹസ്യമായും നിരീക്ഷിച്ചു വരികയും ചെയ്തിരുന്നു. പിന്നീട് തികച്ചും ശാസ്ത്രീയ പരമായ രീതിയില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും കവര്‍ച്ച നടത്തുമ്പോള്‍ ഇവര്‍ക്ക് വേണ്ട സിം കാര്‍ഡുകള്‍ എടുത്ത് നല്‍കി സഹായിച്ച മൂട്ടോളി സ്വദേശി ലത്തീഷിനെ പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ ചോദ്യം ചെയ്തതില്‍ നിന്നും പ്രതികളിലേക്ക് എത്തിചേരുകയുമായിരുന്നു. പ്രതികള്‍ ആരും തന്നെ ഫോണുകള്‍ ഉപയോഗിക്കാതെ ഒളിവില്‍ കഴിയുകയായിരുന്നത് അന്വേഷണ സംഘത്തെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.

പ്രതികളെ പിടികൂടാന്‍ രണ്ടാഴ്ചയോളം അന്വേഷണസംഘം മംഗളൂരുവില്‍ താമസിക്കുകയായിരുന്നു. കര്‍ണാടകത്തിലെ രഹസ്യ കേന്ദ്രം കണ്ടെത്തി അന്വേഷണസംഘം പ്രതികളെ പിടികൂടാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ വെളുത്ത സ്വിഫ്റ്റ് കാറില്‍ ക്വട്ടേഷന്‍ സംഘം കേരളത്തിലേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റോഡ് തടഞ്ഞ് പിടികൂടുകയായിരുന്നു. വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച നാല് പ്രതികളെയും പോലീസ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ പിടിയിലായവര്‍ സംഘത്തിലെ കോഴിക്കോട് തൊണ്ടയാട് കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘത്തിലെ കുപ്രസിദ്ധ ഗുണ്ടകളാണെന്നും പാളയം സ്വര്‍ണ്ണക്കവര്‍ച്ച യില്‍ ബൈക്കുകള്‍ ഓടിച്ചവരാണെന്നും, വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും കസബ ഇന്‍സ്‌പെക്ടര്‍ പ്രജീഷ് പറഞ്ഞു. ക്വട്ടേഷന്‍ സംഘത്തിലെ നേതാവിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും വിവിധ സംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് വിജയം കണ്ടത് എന്നും എ.സി.പി ബിജുരാജ് പറഞ്ഞു.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഇ.മനോജ്,കെ.അബ്ദുള്‍ റഹിമാന്‍, കെ പി മഹീഷ്, എം.ഷാലു, സി.കെ.സുജിത്ത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാര്‍, ശ്രീജിത്ത് പടിയാത്ത്, മഹേഷ്, സുമേഷ് ആറോളി, നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ എസ് ബി കൈലാസ് നാഥ്, കസബ പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീജിത്ത്, അഭിഷേക്, അനീഷ്, സീനിയര്‍ സി.പി.ഒ മാരായ വിഷ്ണുപ്രഭ, സജീവന്‍, രഞ്ജുഷ് , സിപിഒ പ്രണീഷ്, ഡ്രൈവര്‍ സി പി ഒ ടി.കെ വിഷ്ണു, സൈബര്‍ സെല്‍ സിപിഒ രാഹുല്‍ മാത്തോട്ടത്തില്‍, പി രൂപേഷ് എന്നിവര്‍ ചേര്‍ന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.