സ്വർണക്കടത്തിൽ പയ്യോളിക്കാരും; രണ്ട് പേരെ അറസ്റ്റ് ചെയ്ത് പോലീസ്, പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രം
പയ്യോളി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പയ്യോളിയിൽ യുവാവിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു. താമരശ്ശേരി അടിവാരം കൈതക്കലിൽ റാഷിദ് (25), ആഷിദ് (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
അന്വേഷണം ഊർജ്ജിതമായി നടക്കുന്നുണ്ടെന്നും കേസിലെ മറ്റ് പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നും പയോളി സി.ഐ സുഭാഷ് ബാബു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
മെയ് 22 ന് പയ്യോളി ടൗണിൽ വെച്ച് പയോളി സ്വദേശി ജുനൈദിനെ കാറിലെത്തിയ സംഘം തട്ടി കൊണ്ടുപോകാൻ ശ്രമിച്ചു എന്നതായിരുന്നു പരാതി. കാറിൽ നിന്ന് ബഹളം വെച്ച ജുനൈദ് ചാടി രക്ഷപെടുകയായിരുന്നു. നാട്ടുകാർ കൂടുമ്പോഴേക്കും സംഘം രക്ഷപ്പെട്ടു.
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്നങ്ങാണ് തട്ടി കൊണ്ടുപോകൽ ശ്രമത്തിൽ എത്തിയത്. ജുനൈദ് ഗൾഫിൽ നിന്ന് നാട്ടിലേക്ക് സ്വർണ്ണം കടത്തുന്ന കാരിയറായി പ്രവർത്തിക്കാറുണ്ട്. അത്തരത്തിൽ എത്തിച്ച സ്വർണ്ണം ഉടമയ്ക്ക് നൽകാതെ ജുനൈദ് വെട്ടിച്ചു. ഇതിന്റെ ഭാഗമായി സ്വർണ്ണത്തിന്റെ ഉടമകൾ ഏർപ്പാടാക്കിയ സംഘമാണ് ഇയാളെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പയ്യോളി സർക്കിൾ ഇൻസ്പെക്ടർ സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ്.ഐ വിമൽ ചന്ദ്രൻ, എസ്.സി.പി.ഒ രതീഷ് പടിക്കൽ എന്നിവർ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.