സിവിൽ സ്റ്റേഷന് മുന്നിലെ തുരുമ്പെടുത്ത ലോറികൾ, അലസതയുടെ അടയാളം
കൊയിലാണ്ടി: അനധികൃതമായി മണലും മണ്ണും കടത്തിയതിന് റവന്യു അധികാരികള്‍ പടിച്ചെടുത്ത ലോറികള്‍ കൊയിലാണ്ടി താലൂക്കോഫീസിന് മുന്നില്‍ നിന്ന് ഇതുവരെ മാറ്റിയില്ല. മിനിസിവില്‍ സ്റ്റേഷന് വഴിയില്‍ വരിവരിയായി നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍ വലിയ മാര്‍ഗ്ഗ തടസ്സമാണ് സൃഷിട്ടിക്കുന്നത്. പത്ത് വര്‍ഷം മുമ്പ് പിടികൂടിയ ലോറികള്‍ പോലും നിയമത്തിന്റെ നൂലാമാലകള്‍ തീരാത്തത് കാരണം സിവില്സ്റ്റേഷന് മുറ്റത്ത് തുരുമ്പെടുത്ത് നശിക്കുകയാണ്.
ഇതില്‍ അന്യസംസ്ഥാന ലോറികള്‍ വരെയുണ്ട്. പല ലോറികളും തുരുമ്പെടുത്ത് വലിയ ദ്വാരങ്ങള്‍ വീണ നിലയിലാണ്. ലോറികള്‍ക്കിടയിലൂടെ കുറ്റിച്ചെടികളും വളര്‍ന്ന് നില്ക്കുന്നു. ഇത്തരം ലോറികള്‍ സിവില്‍ സ്റ്റേഷന്റെ വഴിയില്‍ നിന്ന് മാറ്റി മറ്റെവിടെയെങ്കിലുമുളള സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലേക്ക് മാറ്റാന്‍ ഇനി കഴിയുമെന്ന് തോന്നുന്നില്ല. വാഹനങ്ങളുടെ ചക്രങ്ങളെല്ലാം നശിച്ചിട്ടുണ്ട്. ക്രെയിന്‍ ഉപയോഗിച്ച് മാറ്റാന്‍ പോലും വലിയ പ്രയാസമാകും.
കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നില്‍ ഈ രീതിയില്‍ അനധികൃതമായി പിടികൂടിയ വാഹനങ്ങള്‍, അപകടങ്ങളില്‍ തകര്‍ന്ന വാഹനങ്ങളും ഉണ്ടായിരുന്നു. രണ്ട് കൊല്ലം മുമ്പ് അവ മിക്കതും സ്റ്റേഷന് പരിസരത്ത് നിന്ന് കീഴരിയൂര്‍ ഒറോക്കുന്ന് റൂറല്‍ ജില്ലാ എആര്‍ കേമ്പ് കോമ്പൗണ്ടിലേക്ക് മാറ്റി. ഇപ്പോള്‍ ഏതാനും വാഹനങ്ങള്‍ മാത്രമേ സ്റ്റേഷന് മുന്നിലെ പാതയോരത്തുളളു.
അനധികൃതമായി മണ്ണും, മണലും കടത്തിയതിന് പിടികൂടുന്ന ലോറികള്‍ വലിയ പിഴ ചുമത്തി വിട്ടയക്കുകയോ, അല്ലെങ്കില്‍ സൗകര്യപ്രദമായ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുകയോ വേണം. അതല്ലെങ്കില്‍ ഇതുമായി ബന്ധപ്പെട്ട് കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാനും നടപടി വേണം. അല്ലാത്തപക്ഷം ലക്ഷങ്ങള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ പൊരിവെയിലും മഴയുമേറ്റ് തുരുമ്പെടുത്ത് നശിച്ചു പോകും.
പിടികൂടുന്ന മിക്ക വാഹനങ്ങള്‍ക്കും ശരിയായ രേഖകളോ ഉടമകളോ ഉണ്ടാവില്ല. ഇത്തരം വാഹനങ്ങളാണ് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെയും ഉപയോഗിക്കുകയും. രേഖകള്‍ ശരിയായി ഉണ്ടെങ്കില്‍ പിഴ ചുമത്തിയോ ബോണ്ടുകള്‍ നല്‍കിയോ കോടതി മുഖാന്തിരം ഉടമകള്‍ക്ക് വിട്ടു നല്‍കാറുണ്ട്.