സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാർ അധിനിവേശത്തിനെതിരെ പേരാമ്പ്രയിൽ ജീവനക്കാരുടെ പ്രതിരോധ സമരം
പേരാമ്പ്ര: സഹകരണ മേഖലയിലേക്കുള്ള കേന്ദ്ര സർക്കാരിന്റെ അധിനിവേശത്തിനെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് സഹകരണ ജീവനക്കാർ പ്രതിരോധ സമരം സംഘടിപ്പിച്ചു.
രാജ്യത്തെ പ്രമുഖ ദേശസാൽകൃത ബാങ്കുകളെ പരസ്പരം ലയിപ്പിച്ചും, സ്വകാര്യവൽക്കരിച്ചതിനും ശേഷം, ഇപ്പോൾ സഹകരണമേഖലയെ തങ്ങളുടെ കൈപ്പിടിയിലൊതുക്കി തകർക്കാനുള്ള നരേന്ദ്ര മോദി സർക്കാരിന്റെ ഗൂഡ നീക്കത്തിനെതിരായാണ് സമരം നടത്തിയത്. കേരളത്തിന്റെ സഹകരണ പ്രസ്ഥാനം ജനവിശ്വാസം ആർജിച്ചതും, സുസംഘടിതവുമാണ്. ഇതിനെയാണ് ആർ.ബി.ഐ യെയും, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനേയും ഉപയോഗിച്ചും, മൾട്ടിപർപ്പസ് സംഘം രൂപീകരിച്ചും തകർക്കാൻ ശ്രമിക്കുന്നത് സമരം ആരോപിച്ചു.
പേരാമ്പ്ര മോട്ടോർ സൊസൈറ്റിയിൽ നടത്തിയ പ്രതിഷേധ ധർണ്ണ സിഐടിയു ജില്ലാ കമ്മറ്റി അംഗം ശശികുമാർ പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ഒ.ടി.രാജു അദ്ധ്യക്ഷത വഹിച്ചു. സിഐടിയു ഏരിയ കമ്മറ്റി അംഗം കെ.അഭിലാഷ് സംസാരിച്ചു. ഏരിയാ ട്രഷറർ എ.കെ.ദിവാകരൻ സ്വാഗതവും യൂനിറ്റ് സിക്രട്ടറി നിജിൻ ലാൽ നന്ദിയും പറഞ്ഞു.