‘സജ്ജം’ പദ്ധതിക്കായി നടത്തിയത് വിപുലമായ ആസൂത്രണങ്ങള്‍; പ്രതിസന്ധികള്‍ മറികടന്നത് പൊതുജനങ്ങളുടെ സഹകരണത്തോടെ; പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ വി.പി സതീശന് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്
ജിൻസി ബാലകൃഷ്ണൻ
കേരളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സൗജന്യ വൈഫൈ പഞ്ചായത്ത് എന്ന ചരിത്രനേട്ടം കൈവരിച്ചിരിക്കുകയാണ് മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്. കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഫലപ്രദവും കാര്യക്ഷമവുമായി നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പദ്ധതി ചുരുങ്ങിയ കാലം കൊണ്ടു തന്നെ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. കേരളത്തിലെ മറ്റു പഞ്ചായത്തുകള്‍ മാതൃകയാക്കേണ്ട സജ്ജം പദ്ധതിയെക്കുറിച്ചും അത് വിജയകരമായി നടപ്പിലാക്കിയതെങ്ങനെയെന്നും പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ വി.പി സതീശൻ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു.
സജ്ജം 2021 എന്ന പദ്ധതിയെക്കുറിച്ചുള്ള ആലോചനങ്ങള്‍ തുടങ്ങിയതെങ്ങനെയാണ്? ഇത്തരമൊരു ആശയം രൂപപ്പെട്ടുവരാനുണ്ടായ സാഹചര്യമെന്തായിരുന്നു?
കഴിഞ്ഞ അധ്യയനവര്‍ഷം കേരളത്തില്‍ പ്രധാനമായും വിക്ടേഴ്സ് ചാനൽ വഴിയാണ് ക്ലാസുകള്‍ നടന്നത്. റെക്കോര്‍ഡ് ചെയ്ത ക്ലാസുകളായതുകൊണ്ടുതന്നെ ടി.വിയിലൂടെയും ഫോണുകളിലൂടെയും കുട്ടികള്‍ക്ക് ഇത് സൗകര്യപ്രദമായി കാണാമായിരുന്നു. അതിന് സപ്പോര്‍ട്ട് എന്ന നിലയില്‍ സ്കൂളുകളില്‍ നിന്ന് വാട്സ്ആപ്പ് വഴിയും മറ്റും അധ്യാപകരുടെ ക്ലാസ് നൽകുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം പ്രധാന ക്ലാസുകള്‍ അധ്യാപകർ നൽകുകയും അതിനുള്ള സപ്പോർട്ട് ആയി വിക്ടേഴ്സ് ചാനൽ എന്ന നിലയിലുമാണ് വിഭാവനം ചെയ്തത്.
അധ്യാപകര്‍ ലൈവായി ക്ലാസ് എടുക്കുകയാണ് ചെയ്യുന്നത് എന്നതുകൊണ്ട് ഓരോ കുട്ടിയ്ക്കും ഒരു ഫോണ്‍ ആവശ്യമായിരുന്നു. ഈയൊരു പ്രതിസന്ധി മറികടക്കേണ്ടതെങ്ങനെയെന്ന ആലോചനകളാണ് ഇത്തരമൊരു പദ്ധതിയിലേക്ക് എത്തിച്ചത്.
എന്തൊക്കെ ആസൂത്രണങ്ങളാണ് ഈ പദ്ധതിയ്ക്കു വേണ്ടി നടത്തിയത്? ഡിവൈസ് ലഭ്യമാക്കുകയെന്നതിനപ്പുറം സൗജന്യ വൈഫൈ പോലുള്ള കാര്യങ്ങള്‍ തുടക്കത്തിലേ ആലോചനയിലുണ്ടായിരുന്നോ?
മേപ്പയ്യൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ പല കുട്ടികള്‍ക്കും ഫോണുകള്‍ ലഭ്യമല്ലെന്ന് മനസിലായതോടെ പഞ്ചായത്തിലെ സ്കൂളുകളിലെ പ്രധാനാധ്യാപകരുടെ യോഗം പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജന്റെ നേതൃത്വത്തിൽ വിളിച്ചുചേർക്കപ്പെട്ടു. ശേഷം പഞ്ചായത്തിലെ 17 വാര്‍ഡുകളിലായുള്ള പതിനാറ് സ്കൂളുകളില്‍ വിപുലമായ ഒരു സര്‍വ്വേ നടത്തി.
7138 കുട്ടികളാണ് മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ആകെയുള്ളത്. ഇവരില്‍ ഫോണും ടി.വിയും ഇല്ലാത്തവര്‍, ടി.വിയുണ്ട് എന്നാല്‍ ഫോണില്ലാത്തവര്‍, ഒരു ഫോണും ഒന്നില്‍ക്കൂടുതല്‍ കുട്ടിയുമുള്ളവര്, നെറ്റുവര്‍ക്ക് പ്രശ്നങ്ങളുള്ളവര്‍ എന്നിങ്ങനെ നാല് കാറ്റഗറികളിലായിരുന്നു സര്‍വ്വേ. ഒന്നും രണ്ടും കാറ്റഗറികളിലായി 195 കുട്ടികള്‍ ഉണ്ടെന്നും മൂന്നാമത്തെ കാറ്റഗറി കൂടെ ഉൾപ്പെടുത്തുമ്പോൾ കുട്ടികളുടെ എണ്ണം 250 ആകുമെന്നും സര്‍വ്വേയില്‍ കണ്ടെത്തി.
ഇത് പരിഹരിക്കാനായി ഉണ്ടാക്കിയ പദ്ധതിയാണ് സജ്ജം ഒന്ന്. പഞ്ചായത്തിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് ആവശ്യമായ ഡിവൈസ് ലഭ്യമാക്കുകയെന്നതാണ് അതിലൂടെ ലക്ഷ്യമിട്ടത്.
ഇത് പൂര്‍ത്തീകരിക്കാനായി സ്കൂളുകളിലെ അധ്യാപകര്‍, രക്ഷിതാക്കള്‍, പി.ടി.എ, രാഷ്ട്രീയ പാര്‍ട്ടി, യുവജനസംഘടനകള്‍, ക്ലബുകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരോടെല്ലാം സഹായം അഭ്യര്‍ത്ഥിച്ചു. വികേന്ദ്രീകൃതമായി സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഒരാഴ്ചകൊണ്ട് 20 ലക്ഷം രൂപയുടെ ഫോണുകൾ 250 കുട്ടികള്‍ക്ക് ലഭ്യമാക്കി.
മുഴുവൻ കുട്ടികൾക്കും ഫോൺ ലഭ്യമാക്കിയപ്പോഴാണ് നെറ്റുവര്‍ക്ക് ലഭ്യതക്കുറവെന്ന കടുത്ത പ്രശ്നം ശ്രദ്ധയിൽ എത്തുന്നത്.
ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ ശ്രമമെന്ന നിലയില്‍ ഇന്റര്‍നെറ്റ് പ്രൊവൈഡേഴ്സിന്റെ യോഗം പഞ്ചായത്തിൽ വിളിച്ചു ചേർത്തു. ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ജിയോ, വൊഡാഫോൺ തുടങ്ങിയ എല്ലാ നെറ്റുവര്‍ക്ക് പ്രൊവൈഡേഴ്സിന്റെയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.
റെയ്ഞ്ചില്ലാത്ത പ്രദേശങ്ങളുടെ ടെക്നിക്കല്‍ ഡീറ്റെയ്ല്‍സ് നല്‍കാനായിരുന്നു അവര്‍ ആദ്യം ആവശ്യപ്പെട്ടത്. സജ്ജം രണ്ടാംഘട്ടം എന്ന പ്രോജക്ടായി ഇതിനെ കണ്ടുകൊണ്ട് നെറ്റുവര്‍ക്ക് പ്രശ്നങ്ങളുള്ള സ്ഥലങ്ങളുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടങ്ങി. ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് മേപ്പയ്യൂര്‍ പഞ്ചായത്തിലെ നെറ്റുവര്‍ക്ക് പ്രശ്നങ്ങളുള്ള സ്ഥലങ്ങള്‍ ലൊക്കേറ്റ് ചെയ്തു. സ്കൂളുകളുടെ സഹായത്തോടെ ഈ പ്രവർത്തനം എളുപ്പത്തിൽ പൂർത്തീകരിക്കാൻ കഴിഞ്ഞു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 പ്രദേശങ്ങളില്‍ റെയ്ഞ്ച് കുറവോ റെയ്ഞ്ച് തീരെ ഇല്ലാത്ത അവസ്ഥയോ ഉണ്ടെന്ന് കണ്ടെത്തി. ഈ സ്ഥലങ്ങളുടെ ടെക്നിക്കല്‍ ഡീറ്റെയ്ല്‍സ് ഗൂഗിള്‍ ഷീറ്റില്‍ തയ്യാറാക്കി നെറ്റുവര്‍ക്ക് പ്രൊവൈഡര്‍മാര്‍ക്ക് കൈമാറി. അവര്‍ ഇതിനനുസരിച്ച് നിലനില്‍ക്കുന്ന ടവറുകള്‍ ആവശ്യമായ മാറ്റം വരുത്തുകയും നാല് പുതിയ ടവറുകള്‍ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇതോടെ റെയ്ഞ്ച് പ്രശ്നം കുറേയേറെ പരിഹരിക്കപ്പെട്ടു.
എന്നാല്‍ കുന്നുകളും താഴ് വാരങ്ങളും വയലുകളുമെല്ലാം ധാരാളമുള്ള പ്രദേശമായതുകൊണ്ടുതന്നെ പല സ്ഥലങ്ങളും ആവശ്യമായ റെയ്ഞ്ച് ഇല്ലാത്ത സ്ഥിതിയായിരുന്നു. റെയ്ഞ്ച് ഉണ്ടായാല്‍ തന്നെ സാമ്പത്തിക ബുദ്ധിമുട്ടും മറ്റും കാരണം പല കുടുംബങ്ങള്‍ക്കും ഡാറ്റ അഫോര്‍ഡ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമായിരുന്നു. വീഡിയോ ക്ലാസ് ലഭ്യമാകാൻ കൂടുതൽ ഡാറ്റ ആവശ്യമാണ്. ആ പ്രശ്നം എങ്ങനെ പരിഹരിക്കും എന്ന് ആലോചിച്ചപ്പോഴാണ് ഫ്രീ വൈഫൈ കേന്ദ്രങ്ങള്‍ എന്ന ആശയം ഉണ്ടാകുന്നത്.
ഫ്രീ വൈഫൈ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ എന്തൊക്കെയായിരുന്നു?
പഞ്ചായത്തിന്റെ ഫണ്ടില്‍ പഞ്ചായത്തിനു കീഴില്‍വരുന്ന സ്ഥാപനങ്ങളില്‍ മാത്രമേ വൈ ഫൈ സ്ഥാപിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പഞ്ചായത്തിനു കീഴിലുള്ള അങ്കണവാടികള്‍ ലിസ്റ്റ് ചെയ്തു. 29 അങ്കണവാടികളും ഒരു ശിശുമന്ദിരം പഞ്ചായത്തിലുണ്ട്. പഞ്ചായത്തിലെ പ്രതിനിധികളും മറ്റും അടങ്ങുന്ന സംഘം ഈ മുപ്പത് ഇടങ്ങളും സന്ദര്‍ശിച്ചു. വൈദ്യുതി ലഭ്യത, ഇരിപ്പിട സൗകര്യം എന്നിവ പരിശോധിച്ചു. 25 അങ്കണവാടികളും ഒരു ശിശുമന്ദിരവും പദ്ധതിയ്ക്കായി ഉപയോഗിക്കാമെന്നു കണ്ടെത്തി.
26 കേന്ദ്രങ്ങളില്‍ വൈ ഫൈ സ്ഥാപിച്ചാലും മേപ്പയ്യൂര്‍ പഞ്ചായത്തിലെ മുഴുവന്‍ കുട്ടികളുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെ വൈ ഫൈ കേന്ദ്രങ്ങൾ സ്ഥാപിക്കാന്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. അതിനായി പഞ്ചായത്തിലെ മുഴുവന്‍ ക്ലബ്ബുകളുടെയും വായനശാലകളുടെയും പ്രതിനിധികളുടെ യോഗം പലതവണയായി പഞ്ചായത്തില്‍ വിളിച്ചുചേര്‍ത്തു. അവരെല്ലാം പദ്ധതിയ്ക്ക് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. അങ്ങനെ 36 കേന്ദ്രങ്ങള്‍ കൂടി കണ്ടെത്തുകയും ലിസ്റ്റ് തയ്യാറാക്കുകയും ചെയ്തു.
ഇവിടേക്ക് കേബിള്‍ അടക്കമുള്ള സൗകര്യങ്ങള്‍ ഉറപ്പുവരുത്താനായിരുന്നു അടുത്ത ശ്രമം. അതിനായി പഞ്ചായത്തിലെ കേബിള്‍ പ്രൊവൈഡര്‍മാരുടെ യോഗം വിളിച്ചു. ഈ അധ്യയനവര്‍ഷത്തിന്റെ അവസാനംവരെ വൈഫൈ ഉറപ്പുവരുത്താനുള്ള ചാര്‍ജ് നിശ്ചയിച്ചു. സാമൂഹികമായ ലക്ഷ്യംമുന്നിര്ത്തിയായതുകൊണ്ടുതന്നെ പരമാവധി കുറഞ്ഞ വിലയ്ക്ക് കേബിള്‍ സൗകര്യം നല്കാന് അവര്‍ തയ്യാറായി. നിശ്ചയിച്ച തിയ്യതിക്കു തന്നെ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു.
62 കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം എങ്ങനെയാണ് മുന്നോട്ടുകൊണ്ടുപോകുന്നത്?
ഓരോ പ്രദേശത്തെയും വാര്‍ഡ് മെമ്പര്‍മാര്‍, സാമൂഹിക പവര്‍ത്തകര്‍, ആര് ആര് ടിമാർ , വിരമിച്ച അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ഓരോ വാര്‍ഡിനും ഓരോ കമ്മിറ്റികളുണ്ട്. ഒരു വാര്‍ഡിലുമുള്ള ഓരോ സെന്ററിനും നിർവ്വാഹക സമിതികളുമുണ്ട്. അതായത് 62 കേന്ദ്രങ്ങള്‍ക്ക് 62 കമ്മിറ്റികൾ .
ഓരോ കേന്ദ്രവും ഓരോ മൈക്രോ സ്കൂളുകളായാണ് പ്രവര്‍ത്തിക്കുക. ഓരോ വാര്‍ഡിലെയും അയല്‍സഭകളെ ഉപയോഗിച്ച് ആ പ്രദേശത്തെ കുട്ടികളുടെ ഡാറ്റ ശേഖരിച്ചു. അവരുടെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിവെയ്ക്കും. കോവിഡ് കാലമായതുകൊണ്ട് ഒരു കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്ത കുട്ടി മറ്റൊരു കേന്ദ്രത്തിലേക്ക് പോകാന്‍ പാടില്ല.
രാവിലെ ആറുമണിക്കും രാത്രി ഒൻപതു മണിക്കമിടയിൽ എപ്പോഴാണോ കുട്ടി എത്തുന്നത് അപ്പോള്‍ കമ്മിറ്റിയിലെ ഒരാള്‍ അവിടെയുണ്ടായിരിക്കണം. അത്തരത്തില്‍ ആളുകള്‍ക്ക് ചുമതല നല്കി. കേന്ദ്രങ്ങളുടെ പ്രവർത്തനം പൂർണമായും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും. നടത്തിപ്പ് ക്രമീകരിക്കാനായി കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് 130 ലധികം യോഗങ്ങളാണ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓൺ ലൈനായും ഓഫ് ലൈനായും നടന്നത്.
വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള ഫണ്ട് കണ്ടെത്തിയങ്ങനെയാണ്?
26 കേന്ദ്രങ്ങളില്‍ പഞ്ചായത്തിന്റെ ഫണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 36 കേന്ദ്രങ്ങളുടെ ചെലവ് പൊതുജനങ്ങളില്‍ നിന്ന് ശേഖരിച്ചതാണ്. 7000 രൂപയാണ് ഒരുവര്‍ഷത്തേക്ക് ഒരു കേന്ദ്രം പ്രവര്‍ത്തിക്കാന്‍ ആവശ്യമുള്ളത്.
സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. എന്തൊക്കെ വെല്ലുവിളികളാണ് ഈ പദ്ധതിയുമായി മുന്നോട്ടുപോകുമ്പോഴുണ്ടായിരുന്നത്?
മേപ്പയ്യൂരിലെ ഓരോ വീട്ടിലെയും കുട്ടിയ്ക്ക് ഏറ്റവും കൂടിയത് അഞ്ച് മിനിറ്റ് നടന്നാല്‍ എത്തിപ്പെടാവുന്ന തരത്തില്‍ വൈഫൈ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയെന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. അതിനു സഹായകരമാകുന്ന സ്ഥലങ്ങള്‍ കണ്ടെത്തണം, അത് വൈദ്യുതീകരിച്ചതായിരിക്കണം, ഇരിയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കണം. മേപ്പയ്യൂരിലെ നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ അത്തരം കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ സാധിച്ചു.
ഇപ്പോഴും നിലനില്‍ക്കുന്ന ഒരു പ്രശ്നം കറണ്ട് പോകുന്ന സമയത്ത് വൈഫൈ ഉപയോഗിക്കാനാവില്ലയെന്നതാണ്. അത് മറികടക്കാന്‍ ബാക്ക് അപ് സംവിധാനം വേണം. നിലവില്‍ തൊട്ടടുത്ത് ഇന്‍വെര്‍ട്ടര്‍ ഉള്ള വീടുകളുണ്ടെങ്കില്‍ അവിടെനിന്നും കണക്ഷന് എടുക്കുകയാണ് ചെയ്യുന്നത്.
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കുകയെന്നതായിരുന്നു കേന്ദ്രം നേരിട്ട മറ്റൊരു വെല്ലുവിളി. കൃത്യമായ പ്ലാനിങ്ങിലൂടെയും പൊതുജന സഹകരണത്തിലൂടെയും അതും മറികടക്കാന്‍ സാധിച്ചു.