സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ആറു ദിവസം മാറ്റമില്ലാതെയിരുന്ന ശേഷമാണ് സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നത്. ഗ്രാമിന് 50 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4610 രൂപയും പവന് 400 രൂപ കൂടി 36,880 രൂപയുമായി.

മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസം ഇതുവരെ 1880 രൂപയാണ് പവന് വര്‍ധിച്ചത്. മെയ് 20 മുതല്‍ പവന് 36,480 രൂപയിലെത്തിയ സ്വര്‍ണവില 25വരെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു.

ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1) ഡോളര്‍ ദുര്‍ബലമായതോടെ ആഗോളവിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 1,900 ഡോളര്‍ നിലവാരത്തിലെത്തി.

പ്രമുഖ കറന്‍സികള്‍ക്കെതിരെ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലാണ് ഡോളര്‍ തുടരുന്നത്. ഡോളര്‍ സൂചികയിലെ ഈ തകര്‍ച്ചയാണ് സ്വര്‍ണ വില ഉയരാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.