സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം


തിരുവനന്തപുരം: കേരളത്തിൽ നാളെ (നവംബർ 22) മുതൽ വ്യാഴം (നവംബർ 25) വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി.

അറബിക്കടലിലെ ന്യൂനമർദം നിലവിൽ ശക്തികൂടിയ ന്യൂനമർദമായി സ്ഥിതി ചെയ്യുന്നുണ്ട്. ന്യൂനമർദത്തോടു അനുബന്ധിച്ചു ചക്രവാതചുഴി തെക്കൻ കർണാടകയ്‌ക്ക് മുകളിലും സമീപ പ്രദേശങ്ങളിലുമായി നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മഹാരാഷ്ട്ര തീരംവരെ ന്യൂനമർദപാത്തി നിലനിൽക്കുന്നുണ്ട്.

ജാഗ്രത നിർദേശങ്ങൾ

∙ ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. അടുത്തുള്ള കെട്ടിടത്തിലേക്ക് മാറാൻ സാധിക്കാത്ത വിധത്തിൽ തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

∙ ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. കെട്ടിടത്തിനകത്ത് ഇരിക്കുകയും ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യം ഒഴിവാക്കുക.

∙ ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നതുകൊണ്ട് കുഴപ്പമില്ല. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള ഒഴിവാക്കുക.

∙ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കുന്നത് ഒഴിവാക്കുക. പട്ടം പറത്തുന്നത് ഒഴിവാക്കുക. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.

∙ ഇടിമിന്നലുള്ള സമയത്ത് തുണികൾ എടുക്കാൻ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. കുളിക്കുന്നതും ടാപ്പുകളിൽനിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ സഞ്ചരിച്ചേക്കാം. കാറ്റിൽ വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വയ്ക്കുക.

∙ ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ പാടില്ല. ഈ സമയത്ത് വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. അവയെ അഴിക്കാനും സുരക്ഷിതമായി മാറ്റി കെട്ടാനും പോകരുത്.