സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കും; നിയന്ത്രണം മൈക്രോ കണ്ടെയിന്‍മെന്‍റ് സോണിലേക്ക് ചുരുക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വരാന്ത്യ ലോക്ഡൗൺ പിൻവലിച്ചേക്കുമെന്ന് സൂചന. കൂടുതൽ ഇളവുകൾക്കും സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. സംസ്ഥാനം മൈക്രോ കണ്ടെയ്‌ന്മെന്റ് മേഖലയായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കും. വ്യാപനത്തോത് കൂടുതലുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിൽ ആകെ നിയന്ത്രണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാനും ആലോചനയുണ്ട്.
ഉച്ചയ്ക്ക് 3.30നാണ് യോഗം. തദ്ദേശഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങളിൽ യോഗം തീരുമാനമെടുക്കും. കുറെ ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 11 ശതമാനത്തിന് മുകളിലെത്തിയിരുന്നു. ബക്രീദ് പ്രമാണിച്ച് ലോക്ക്ഡൗണിൽ നൽകിയ ഇളവുകൾ ഇന്ന് അവസാനിക്കും. കൂടുതൽ ഇളവുകൾ നൽകുന്നതും ഇന്നത്തെ യോഗം ചർച്ച ചെയ്യും. ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങൾ പുന:ക്രമീകരിക്കാനും സാധ്യതയുണ്ട്.
പെരുന്നാൾ പ്രമാണിച്ച് കൂടുതൽ ഇളവുകൾ വേണമെന്ന വ്യാപാരികളുടെ ആവശ്യം കണക്കിലെടുത്ത് വാരാന്ത്യ ലോക്ഡൗണിൽ ഇളവ് അനുവദിച്ചിരുന്നു. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കൂടുതൽ വ്യാപാരസ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാം. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് പുറമേ തുണിക്കട, ചെരുപ്പ്കട, ഇലക്ട്രോണിക് ഷോപ്പുകൾ, ഫാൻസി ഷോപ്പുകൾ, സ്വർണ്ണക്കട എന്നിവയ്ക്കും പ്രവർത്തനാനുമതി ഉണ്ടാകും. രാത്രി എട്ടുവരെയാണ് അനുമതി. എ,ബി,സി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണസ്ഥാപന പരിധികളിലാണ് ഇളവുകൾ ബാധകമാവുക. ഡി കാറ്റഗറിയിൽപ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളിൽ നാളെ ഒരു ദിവസത്തേക്ക് പെരുന്നാൾ പ്രമാണിച്ച് ഇളവ് അനുവദിച്ചിട്ടുണ്ട്.
എ, ബി വിഭാഗത്തിൽപ്പെടുന്ന പ്രദേശങ്ങളിൽ നാളെ മുതൽ കൂടുതൽ ഇളവുകൾ നിലവിൽ വരും. തിങ്കൾ മുതൽ വെള്ളി വരെ ഇലക്ട്രോണിക് ഷോപ്പുകളും ഇലക്ട്രോണിക് റിപ്പയർ ഷോപ്പുകളും വീട്ടുപകരണങ്ങൾ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. രാവിലെ 7 മുതൽ രാത്രി 8 വരെയാണ് പ്രവർത്തനാനുമതി.
കേരളത്തിലെ പെരുന്നാൾ ഇളവുകൾ സംബന്ധിച്ച് സുപ്രിംകോടതിയിൽ സംസ്ഥാന സർക്കാർ മറുപടി സമർപ്പിച്ചിരുന്നു. ഇളവുകൾ നൽകിയത് വിദഗ്ധരുമായി അടക്കം കൂടിയാലോചന നടത്തിയ ശേഷമെന്നും കേരളം അറിയിച്ചു. ചില മേഖലകളിൽ മാത്രമാണ് കടകൾ തുറക്കാൻ അനുമതി നൽകിയത്. കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുമെന്നും ടിപിആർ കുറച്ചുകൊണ്ടുവരാൻ ശ്രമം തുടരുകയാണെന്നും സംസ്ഥാനം അറിയിച്ചു. കൊവിഡ് കേസുകളുടെ വിവരങ്ങൾ കൃത്യമായി പുറത്തുവിടുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും മറുപടിയിൽ ചൂണ്ടിക്കാട്ടി.