സംസ്ഥാനത്ത് പരക്കെ കനത്ത മഴ; കോഴിക്കോട് ഉള്‍പ്പെടെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഒക്ടോബര്‍ 15വരെ സംസ്ഥാനത്ത് മഴ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതിനെ തുടര്‍ന്ന് ചൊവ്വാഴ്ച സംസ്ഥാനത്തെ ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചത്.

അതേ സമയം തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിവസങ്ങളായി വലിയ അളവില്‍ മഴതുടരുന്ന താഴ്ന്ന പ്രദേശങ്ങള്‍, ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മലയോര മേഖലകള്‍ എന്നിവിടങ്ങളില്‍ അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരളം, കര്‍ണാടകം, ലക്ഷദ്വീപ് തീരങ്ങളിലും തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലിദ്വീപ് തീരങ്ങളിലും കനത്ത കാറ്റ് ഉണ്ടാകും എന്നാണ് കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തിലായിരിക്കും കാറ്റ് വീശുക. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനം നടത്തരുതെന്ന് മുന്നറിയിപ്പുണ്ട്.

ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനാലും മലയോര മേഖലയിൽ മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാലും 14ന് രാത്രി വരെ ഇടുക്കി ജില്ലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ചു കലക്ടർ ഉത്തരവിട്ടു. വൈകിട്ട് 7 മുതൽ പുലർച്ചെ 6 വരെയാണ് യാത്രാനിരോധനം. അവശ്യ സർവീസുകൾക്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കും നിരോധനം ബാധകമല്ല.

കനത്ത മഴയില്‍ വീട് തകര്‍ന്ന് മലപ്പുറത്ത് രണ്ട് കുട്ടികള്‍ മരിച്ചു. മലപ്പുറം ജില്ലയിലെ കരിപ്പൂരിലാണ് സംഭവം. ലിയാന ഫാത്തിമ (എട്ട്), ലുബാന ഫാത്തിമ (ഏഴ്) എന്നിവരാണ് മരിച്ചത്. കരിപ്പൂര്‍ സ്വദേശി മുഹമ്മദ് കുട്ടിയുടെ വീടാണ് തകര്‍ന്നത്. ഇദ്ദേഹത്തിന്റെ മകള്‍ സുമയ്യയുടെയും അബുവിന്റെയും മക്കളാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടം.

പാലക്കാട് ജില്ലയിലും ഇന്നലെ രാത്രിയില്‍ കനത്ത മഴ പെയ്തു. അട്ടപ്പാടി ചുരത്തില്‍ മരവും കല്ലും വീണ് ഗതാഗതം തടസപ്പെട്ടു. നീക്കം ചെയ്യാന്‍ ഉള്ള ശ്രമം തുടരുകയാണ്. ഒമ്പതാം മൈലിലും ഏഴാം മൈലിലും മരം വീണത് ഫയര്‍ഫോഴ്‌സ് എത്തി വെട്ടിമാറ്റി. വെള്ളച്ചാട്ടത്തിന് സമീപം റോഡിലേക്ക് വലിയ പാറക്കഷണം വീണ് കിടക്കുന്നത് നീക്കം ചെയ്യാനുള്ള ശ്രമം തുടരുന്നു.

മധ്യകേരളത്തിലും മഴ തുടരുകയാണ്. ഇന്നലെ രാത്രി പല ജില്ലകളിലും ശക്തമായ മഴയായിരുന്നു. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയാണ്. തിരുവാര്‍പ്പ്, അയ്മനം, കുമരകം മേഖലകളില്‍ മഴ ശക്തമാണ്. ഇടുക്കിയില്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സ്ഥിതിയാണ്.

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ:

ഉരുൾപ്പൊട്ടൽ സാധ്യത ഉള്ളതിനാൽ രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണം.

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.

മലവെള്ളപ്പാച്ചിൽ, ഉരുൾപ്പൊട്ടൽ എന്നിവ കണക്കിലെടുത്ത് മലയോര മേഖലയിലെ റോഡുകൾക്ക് കുറുകെയുള്ള ചെറിയ ചാലുകളുടെ അരികിൽ വാഹനങ്ങൾ നിർത്തരുത്.

മരങ്ങൾക്ക് താഴെ വാഹനങ്ങൾ പാർക്ക് ചെയ്യരുത്.

താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കണം.

പരിശീലനം നേടിയ സന്നദ്ധ പ്രവർത്തകർ അല്ലാതെയുള്ളവർ വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ മേഖലകളിലേക്കുള്ള സന്ദർശനം ഒഴിവാക്കണം.

കുട്ടികൾ പുഴകളിലും തോടുകളിലും വെള്ളക്കെട്ടിലും ഇറങ്ങി കളിക്കുന്നില്ലെന്ന് മാതാപിതാക്കൾ ഉറപ്പു വരുത്തണം.

അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയാറാകണം.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളിൽ പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

ദുരന്ത സാധ്യതാ മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.

കാറ്റിൽ മരങ്ങൾ കടപുഴകിയും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങൾ ശ്രദ്ധിക്കണം