സംസ്ഥാനത്ത് നവംബര്‍ 29 വരെ കനത്ത മഴയും കാറ്റും; ജനങ്ങള്‍ ജാഗ്രത പാലിക്കണം, അടിയന്തര ഘട്ടങ്ങളില്‍ 1077 നമ്പറില്‍ ബന്ധപ്പെടാം


തിരുവനന്തപുരം: നവംബര്‍ 29 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യമുണ്ടെന്നാണ് ശക്തമായ മഴ മുന്നറിയിപ്പില്‍ നിന്ന് വ്യക്തമാകുന്നത്.

ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് ആണ് നല്‍കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞു വീണും അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്‌ഇബിയുടെ 1912 എന്ന കണ്‍ട്രോള്‍ റൂമിലോ 1077 എന്ന നമ്പരില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലോ വിവരം അറിയിക്കുക.

ബംഗാള്‍ ഉള്‍കടലില്‍ പുതിയ ന്യുന മര്‍ദ്ദം തെക്കന്‍ ആന്തമാന്‍ കടലില്‍ നവംബര്‍ 29 ഓടെ രൂപപ്പെടാന്‍ സാധ്യത. തുടര്‍ന്ന് ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉൾ കടലിലെ ചക്രവാതചുഴി നിലവില്‍ ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് സ്ഥിതി ചെയ്യുന്നതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.