സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; കോഴിക്കോട് ജില്ലയിൽ ശനിയാഴ്ച റെഡ് അലേർട്ട്


കോഴിക്കോട്: അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന് പിന്നാലെ സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ കേന്ദ്രകാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറില്‍ തീവ്രന്യൂനമര്‍ദ്ദമായി മാറും. ഇത് ശനിയാഴ്ചയോടെ ലക്ഷദ്വീപിന് സമീപം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ച് വടക്കുകിഴക്കന്‍ ദിശയില്‍ നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. ഇതിന്റെ സ്വാധീനഫലമായി ഞായറാഴ്ച വരെ അതിതീവ്രമഴ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് അതീവജാഗ്രതാ നിര്‍ദേശം നല്‍കി.

ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരളതീരത്തോട് അടുത്തായതിനാല്‍ കടലാക്രമണം രൂക്ഷമാകാനും തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. അതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിരിക്കുന്ന മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുന്നറിയിപ്പില്‍ ആവശ്യപ്പെട്ടു.

ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.