സംഘാടക മികവ്; കൊയിലാണ്ടി സാന്ത്വന സ്പര്‍ശം അദാലത്തിന് ഫുള്‍ മാര്‍ക്ക്
പി.എസ്.കുമാർ കൊയിലാണ്ടി
കൊയിലാണ്ടി: സംഘാടക മികവിന്റെ നേര്‍ചിത്രങ്ങളാണ് സാന്ത്വന സ്പര്‍ശം അദാലത്തിന്റെ ജില്ലയിലെ ആദ്യ കേന്ദ്രമായ കൊയിലാണ്ടിയില്‍ കണ്ടത്. അപേക്ഷകര്‍ എത്തുന്നതു മുതല്‍ മന്ത്രിമാരെ സന്ദര്‍ശിക്കുന്നതുവരെ ചിട്ടയോടെയുള്ള ക്രമീകരണങ്ങളാണ് നഗരസഭ ടൗണ്‍ഹാളില്‍ ഒരുക്കിയത്. പ്രധാനവേദിയിലേക്ക് എത്താന്‍ കഴിയാത്ത ഭിന്നശേഷിക്കാര്‍ക്കായി ടൗണ്‍ഹാളിന്റെ മുറ്റത്ത് പ്രത്യേക കൗണ്ടറും ഒരുക്കിയിരുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് വേദി സജ്ജമാക്കിയത്. പ്രവേശന കവാടത്തിനു മുമ്പില്‍ ഏര്‍പ്പെടുത്തിയ തെര്‍മല്‍ സ്‌കാനര്‍ പരിശോധനയ്ക്കുശേഷം സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുനശീകരണം നടത്തിയാണ് പരാതിക്കാരും ഉദ്യോഗസ്ഥരുമടക്കമുള്ളവര്‍ വേദിയിലേക്ക് പ്രവേശിച്ചത്. പ്രധാനഹാളില്‍ സാമൂഹിക അകലം പാലിച്ച്, ഒന്നിടവിട്ടു സീറ്റുകള്‍ ക്രമീകരിച്ചു. ടോക്കണ്‍ നമ്പര്‍ വിളിക്കുന്നതിനനുസരിച്ചാണ് പരാതികള്‍ പരിഗണിച്ചത്. നേരത്തെ ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാതെ, അദാലത്തില്‍ നേരിട്ടെത്തിയവരുടെ പരാതികള്‍ സ്വീകരിക്കാന്‍ താല്‍ക്കാലിക അക്ഷയ കേന്ദ്രവും തയ്യാറാക്കിയിരുന്നു.
പ്രവേശന കവാടം കടന്നാല്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹെല്‍പ്ഡെസ്‌ക് ഒരുക്കിയിരുന്നു. അദാലത്തിനെത്തിയവര്‍, ഓണ്‍ലൈനില്‍ നല്‍കിയ പരാതി പരിശോധിച്ച് ഏത് വകുപ്പിന്റെ കൗണ്ടറിലേക്കാണ് പോകേണ്ടതെന്ന നിര്‍ദ്ദേശം ഇവിടെനിന്ന് നല്‍കും. പരാതികള്‍ പരിഗണിക്കാന്‍ ടൗണ്‍ഹാളിന്റെ ഒന്നാംനിലയില്‍ റവന്യൂ, സിവില്‍ സപ്ലൈസ്, കൃഷി, സാമൂഹ്യനീതി, കെ.എസ്.ഇ.ബി, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്ക് പ്രത്യേകം കൗണ്ടറുകളും മറ്റ് വകുപ്പുകള്‍ക്കായി ഒരു കൗണ്ടറുമാണ് ഒരുക്കിയത്. ഇവിടെ നിന്ന് പരിഹരിക്കാന്‍ കഴിയുന്ന പരാതികള്‍ പരിഹരിക്കുകയും മന്ത്രിയെ കാണണമെന്ന ആവശ്യപ്പെടുന്നവരെ ഹാളിലേക്ക് കടത്തിവിടുകയുമാണ് ചെയ്തത്.
അദാലത്തിനെത്തിയവര്‍ക്കെല്ലാം ചായയും ലഘുഭക്ഷണവും കുടിവെള്ളവും നല്‍കി.നോഡല്‍ ഓഫിസര്‍ കൂടിയായ അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യയുടെ നേതൃത്വത്തില്‍ കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണിയും 40-ഓളം ഉദ്യോഗസ്ഥരും നാല് ദിവസങ്ങളിലായാണ് ടൗണ്‍ഹാളില്‍ ക്രമീകരണങ്ങള്‍ നടത്തിയത്.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക