വ്യാജ പൾസ് ഓക്സി
മീറ്ററുകളുടെ വിപണനം
തടയണമെന്ന്
മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: വിരലിന് പകരം പേന വച്ചാലും ഓക്സിജൻ അളവ് കാണിക്കുന്ന വ്യാജ പൾസ് ഓക്സി മീറ്ററുകൾ വിപണിയിൽ സുലഭമാണെന്ന പരാതിയെ കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി വിപണനം തടയണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.

ആരോഗ്യവകുപ്പു സെക്രട്ടറിക്കാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് ഉത്തരവ് നൽകിയത്. നടപടി സ്വീകരിച്ച ശേഷം നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഇത്തരം മനുഷ്യത്വ രഹിതമായ കബളിപ്പിക്കലുകൾ ഒരിക്കലും അനുവദിക്കരുതെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.

വ്യാജ ഓക്സി മീറ്ററുകളിൽ കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്താറില്ല. കോവിഡ് വ്യാപകമായതോടെ പൾസ് -ഓക്സി മീറ്ററുകൾക്ക് ക്ഷാമം നേരിട്ടിരുന്നു. ഈ സാഹചര്യം മുതലാക്കിയാണ് വ്യാജ പൾസ് – ഓക്സി മീറ്ററുകൾ വിപണിയിൽ സുലഭമായി ലഭിച്ചുതുടങ്ങിയത്. സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.