വോട്ടെണ്ണല്‍ മേശകളുടെ എണ്ണം ഇരട്ടിയാക്കി, ഫലം പതിവിലും നേരത്തെയെന്ന് സൂചന


കോഴിക്കോട്: വോട്ടണ്ണലിനു കോവിഡ് നിയന്ത്രണം കര്‍ശനമാക്കുമെങ്കിലും വോട്ടെണ്ണല്‍മേശകളുടെ എണ്ണം ഇരട്ടിയാക്കിയതിനാല്‍ ഫലസൂചന പതിവിലും നേരത്തേ ലഭിച്ചേക്കുമെന്ന് സൂചന. മുന്‍വര്‍ഷങ്ങളില്‍ ഒരു കേന്ദ്രത്തില്‍ ഒരേസമയം 14 ബൂത്തുകളിലെ വോട്ടാണ് എണ്ണിയിരുന്നത്. ഇത്തവണ അത് 28 ആയി വര്‍ധിപ്പിക്കാനാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ നിര്‍ദേശം.

ഒരുകേന്ദ്രത്തില്‍ നാലു ഹാളുകളിലാണ് വോട്ടെണ്ണുക. ഒരിടത്ത് ഏഴു മേശകള്‍വീതം. അതിനാല്‍ 28 ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ ഒരേസമയം എടുക്കാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പരാമവധി അഞ്ചുമിനിറ്റിനകം ഒരു ബൂത്തിലെ ഫലം കിട്ടും. കമ്മിഷന്റെ വെബ് സൈറ്റില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍നിന്നുതന്നെ ഫലം ചേര്‍ത്തുവിടും.

ശരാശരി 300 ബൂത്തുകളാണ് ഓരോ മണ്ഡലത്തിലും. ഓരോഹാളിലും ഉപവരണാധികാരിക്കാണു വോട്ടെണ്ണലിന്റെ ചുമതല. നിലവില്‍ എല്ലാ മണ്ഡലങ്ങളിലും രണ്ട് ഉപവരണാധികാരികളേയുള്ളൂ. വോട്ടണ്ണുന്നതിനായി രണ്ടുപേരെക്കൂടി നിയോഗിക്കും. തപാല്‍വോട്ട് വരണാധികാരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് എണ്ണുന്നത്. അതുകൊണ്ട്, യന്ത്രത്തിലെ വോട്ടെണ്ണുന്നതിനെ ബാധിക്കില്ല.