വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് റോഡിൽ അജ്ഞാതൻ രക്തംവാർന്ന് മരിച്ചനിലയിൽ; വാഹനാപകടമെന്ന് സംശയം


എലത്തൂർ: വെങ്ങളം-രാമനാട്ടുകര ബൈപ്പാസ് റോഡിൽ മൊകവൂർ പെട്രോൾ പമ്പിനുസമീപം യാത്രക്കാരനെ മരിച്ചനിലയിൽ കണ്ടെത്തി. വാഹനം കയറിയിറങ്ങി രക്തംവാർന്ന് മരിച്ച നിലയിലായിരുന്നു മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

വ്യാഴാഴ്ച രാത്രി വൈകിയാണ് സംഭവം. കക്കോടി ഭാഗത്തുനിന്ന് തലക്കുളത്തൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡ്രൈവറാണ് റോഡിൽ മൃതദേഹം കണ്ടത്. ഏതെങ്കിലും വാഹനം ഇടിച്ചു തെറിപ്പിച്ചതാണോ എന്ന് വ്യക്തമല്ല.

കുറെയധികം സമയം പരിക്കേറ്റയാൾ നിരത്തിൽ വീണുകിടന്നതായാണ് സൂചന. ശരീരത്തിലൂടെ വാഹനം കയറിയിറങ്ങിയെന്നാണ് കരുതുന്നത്. എലത്തൂർ പോലീസ് സ്ഥലത്തെത്തി. മരണപ്പെട്ട ആളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.