വീട്ടിലേക്കുള്ള സാധനങ്ങളായിരുന്നു കയ്യില്‍, പെങ്ങളെ ചേര്‍ത്തു പിടിച്ച് നടന്നത് മരണത്തിലേക്കായിരുന്നു, നാടിനു നൊമ്പരമായി മുചുകുന്ന് സ്വദേശികളായ സഹോദരങ്ങളുടെ മരണം
കൊയിലാണ്ടി: ദേശീയ പാതയില്‍ കൊല്ലം ടൗണില്‍ ടാങ്കര്‍ ലോറി ഇടിച്ച് സ്കൂട്ടര്‍ യാത്രക്കാരായ സഹോദരങ്ങള്‍ മരിച്ചത് നാടിനാകെ നൊമ്പരമായി. മുചുകുന്ന് ഓട്ടു കമ്പനിയക്ക് സമീപം ചെറുവത്ത് ഇമ്പിച്ചി അലിയുടെ മകന് മുഹമ്മദ് ഫാസിലും(25 ), സഹോദരി ഫാസിലയുമാണ് മരിച്ചത്.
ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കറ്റ ഇരുവരെയും ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അപകടത്തില്‍ മുഹമ്മദ് ഫാസില്‍ ധരിച്ച ഹെല്‍മെറ്റ് പൊട്ടിച്ചിതറി. ഇവര്‍ സഞ്ചരിച്ച സ്കൂട്ടറിന് കാര്യമായ ക്ഷതമൊന്നും സംഭവിച്ചിട്ടില്ല.
കൊല്ലം അങ്ങാടിയിലെ പഴക്കടയില്‍ നിന്ന് സാധനം വാങ്ങിയ ശേഷം വീട്ടിലേക്ക് പോകാന്‍ സ്കൂട്ടറില്‍ കയറിയ ഉടന്‍ തന്നെയാണ് കൊയിലാണ്ടി ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കര്‍ ലോറി ഇടിച്ചു തെറിപ്പിച്ചത്.
നാട്ടുകാരെയും കുടുംബാഗങ്ങളെയും സങ്കടത്തിലാഴ്ത്തിയാണ് അപകട വാര്‍ത്തയെത്തിയത്. വിശ്വസിക്കാത്തവരും ഏറെയായിരുന്നു. സാധനങ്ങളുമായി തിരിച്ചെത്തിയത് മൃതദേഹങ്ങളാണെന്ന് വിശ്വസിക്കാനാകാതെ ആ കുടുംബം തേങ്ങുകയാണ്.