വില നിയന്ത്രണം; പയ്യോളി മേഖലയില്‍ താലൂക്ക് സപ്ലൈസ് ഓഫീസ് അധികൃതര്‍ പരിശോധന നടത്തി


കൊയിലാണ്ടി: കൊറോണ കാലത്തെ പൊതു വിപണി നിയന്ത്രണത്തിന്റെ ഭാഗമായി കൊയിലാണ്ടി അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്ത്വത്തില്‍ പയ്യോളി മേഖലയില്‍ പരിശോധന നടത്തി. പയ്യോളി മല്‍സ്യ മാര്‍ക്കറ്റ്, ചിക്കന്‍ സ്റ്റാള്‍, ബീഫ് സ്റ്റാള്‍, പച്ചക്കറിക്കടകള്‍ എന്നിവിടങ്ങളിലും കൊറോണ വ്യാപനം തടയുന്ന കരുതല്‍ ഉപകരണങ്ങളുടെ കടകളിലും പരിശോധന നടത്തി.

എന്‍.95 മാസ്‌കിന്റെ ലഭ്യത പയ്യോളി മേഖലയില്‍ വളരെ കുറവാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ അത്തരം മാസ്‌ക്കുകള്‍ കൂടുതല്‍ ലഭ്യമാക്കുന്നതിന് വ്യാപാരികള്‍ക്ക് നിര്‍ദ്ദേശം നല്കി. വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ പരിശോധന നടത്തി വിലനിയന്ത്രണം ഉറപ്പ് വരുത്തി. പരിശോധനാ സമയത്ത് വില വിവരപട്ടിക പ്രദര്‍ശിപ്പിക്കാത്തതായി കണ്ടെത്തിയ പഴം പച്ചക്കറിസ്റ്റാളുകള്‍ക്ക് നോട്ടീസ് നല്കുമെന്ന് അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.മുരഹര കുറുപ്പ് അറിയിച്ചു.

പരിശോധനയില്‍ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ടി.പി.രമേശന്‍, കെ.ഷിംജിത്ത്, കെ.സുരേഷ്, ജ്യോതി ബസു എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് അധികൃതര്‍.