വിദ്യാർഥിയുടെ ദുരൂഹമരണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്


നാദാപുരം: നരിക്കാട്ടേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി അബ്ദുൾ അസീസിന്റെ ദുരൂഹമരണത്തിന്റെ ചുരുളഴിക്കാൻ റൂറൽ എസ്.പി.ഡോ. ശ്രീനിവാസ് മരണം നടന്ന വീട്ടിലെത്തി. ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മൊഴിയെടുത്തു. പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂൾ പത്താംക്ലാസ് വിദ്യാർഥി നരിക്കാട്ടേരിയിലെ കട്ടാറത്ത് അസീസിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തുവന്നിരുന്നു.

സംഭവദിവസം ഉച്ചയ്ക്ക് അടുത്തവീട്ടിൽനിന്ന് കളിച്ചുവന്ന കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് പിതാവ് പറയുന്നത്. മരണത്തിനുമുമ്പ് വീട്ടിൽനിന്ന് വഴക്കുണ്ടായി എന്ന് അയൽവാസികളും പറയുന്നു. കട്ടിലിൽ തയ്യൽമെഷീൻ ഉയർത്തിവെച്ച് ടെറസിലെ ഹുക്കിൽ തൂങ്ങിമരിച്ചുവെന്നാണ് വീട്ടുകാർ പറയുന്നത്.

അസ്വാഭാവിക മരണത്തിന് നാദാപുരം പോലീസ് കേസെടുത്തെങ്കിലും സംഭവം നടന്ന് പത്തുദിവസം പിന്നിട്ടിട്ടും വീട്ടുകാരെ ചോദ്യംചെയ്യാനോ കൃത്യമായി അന്വേഷിക്കാനോ പോലീസ് തയ്യാറായില്ലെന്ന ആരോപണവും നാട്ടുകാരിൽ സംശയത്തിനിടയാക്കുന്നു. ആറു വർഷംമുമ്പ് മാതാവ് മരണപ്പെട്ട കുട്ടി പിതാവിന്റെ സംരക്ഷണത്തിലാണ് കഴിഞ്ഞിരുന്നത്. ഇദ്ദേഹത്തിന്റെ രണ്ടാംഭാര്യയും ഈ വീട്ടിൽത്തന്നെയാണ് താമസം.

അസീസ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും സമഗ്രാന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കഴിഞ്ഞവർഷം മേയ് 17-ന് സ്വന്തംവീട്ടിൽ സംശയകരമായി മരണപ്പെട്ട കറ്റാരത്ത് അസീസിന്റെ മരണം കൊലപാതകമാണെന്ന് തെളിയിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഈ മരണം കൊലപാതകമാണെന്നും അന്വേഷിച്ച് യഥാർഥ പ്രതികളെ നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണമെന്നും ആക്‌ഷൻ കമ്മിറ്റി ലോക്കൽ പോലീസിനോടും ക്രൈംബ്രാഞ്ചിനോടും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംഭവം മുൻവിധിയോടെക്കണ്ട് ഒരു അന്വേഷണവും നടത്താതെ ആത്മഹത്യയാണെന്ന് കോടതിക്ക് റിപ്പോർട്ട് നൽകി കേസ് റഫർ ചെയ്തതായിട്ടാണ് അറിയുന്നത്.

എന്നാൽ, പുതിയ വീഡിയോ പ്രചരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ പ്രക്ഷോഭം നടത്തുകയും ആക്‌ഷൻ കമ്മിറ്റി റൂറൽ എസ്.പി.യെ കണ്ട് പുനരന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേസ് എഴുതിത്തള്ളിയ ജില്ലാ ക്രൈംബ്രാഞ്ചിന്റെ പഴയ ടീമിനെത്തന്നെയാണ് പുനരന്വേഷണച്ചുമതല എസ്.പി. ഏൽപ്പിച്ചിരിക്കുന്നതെന്നും, പ്രക്ഷോഭപരിപാടികൾ സംഘടിപ്പിക്കുമെന്ന് ആക്‌ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.