വാണിമേല്‍ പുഴയില്‍ കുളിക്കുന്നതിനിടെ കാണാതായയാളുടെ മൃതദേഹം കണ്ടെത്തി


നരിപ്പറ്റ: വാണിമേല്‍ പുഴയില്‍ കുളിക്കുന്നതിനിടെ കയത്തില്‍പ്പെട്ട നരിപ്പറ്റ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. നരിപ്പറ്റ മുള്ളമ്പത്തെ മാക്കാവുമ്മല്‍ കോളനിയിലെ രവിയാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച വൈകുന്നേരം നാലുമണിയോടെ മടപ്പള്ളി കടവിനടുത്ത് കുളിച്ചുകൊണ്ടിരിക്കെയാണ് രവി കയത്തില്‍ പെട്ടത്.

സമീപത്തെ പറമ്പില്‍ ജോലിയെടുക്കുന്ന തൊഴിലാളികളും സ്ത്രീകളുമാണ് വിവരം അറിഞ്ഞ് ആദ്യം സ്ഥലത്തെത്തിയത്. അഗ്നിരക്ഷാസേനയും പാക്കോയി റസ്‌ക്യൂ ടീമും നാട്ടുകാരും തിരച്ചില്‍ നടത്തിയിരുന്നു. വെളിച്ചക്കുറവ് കാരണം രാത്രി എഴുമണിയോടെ തിരച്ചില്‍ അവസാനിപ്പിച്ചിരുന്നു. ബുധനാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.