വടക്കയിൽ ഷെഫീഖ് പയ്യോളി നഗരസഭ ചെയർമാൻ ആകും


പയ്യോളി: വടക്കയിൽ ഷെഫീഖിനെ പയ്യോളി നഗരസഭ ചെയർമാനായി തീരുമാനിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം പാർട്ടി ലീഡറായി ഷഫീഖിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. നാൽപ്പതുകാരനായ ഷഫീഖ് ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 17 ആം വാർഡായ തച്ചംകുന്നിൽ നിന്നാണ് വിജയിച്ചത്. കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്. നേരത്തെ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്. പേരാമ്പ്ര അർബൻ ബാങ്ക് സെക്രട്ടറിയാണ്.

മുസ്ലിം ലീഗിലെ സി.പി.ഫാത്തിമ വൈസ് ചെയർപേഴ്സൺ ആവും. തുടർച്ചയായ മൂന്നാം തവണയാണ് സി.പി.ഫാത്തിമ ജനപ്രതിനിധിയാവുന്നത്. ഇത്തവണ പയ്യോളി ടൗൺ വാർഡ് 21 ൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. വനിതാ ലീഗ് മുൻ പഞ്ചായത്ത് പ്രസിഡണ്ടാണ് ഫാത്തിമ.

ആദ്യ രണ്ടര വർഷം കോൺഗ്രസ്സിനും പിന്നീട് രണ്ടര വർഷം മുസ്ലിം ലീഗിനും അദ്ധ്യക്ഷ പദവി പങ്കിട്ടാൻ മുന്നണി നേരത്തെ ധാരണയിൽ എത്തിയിരുന്നു. ആകെയുള്ള 36 വാർഡിൽ 21 സീറ്റുകൾ നേടിയാണ് യു.ഡി.എഫ് അധികാരത്തിൽ എത്തിയത്. പതിനൊന്ന് അംഗങ്ങളാണ് കോൺഗ്രസ്സിനുള്ളത്. ലീഗിന് പത്ത് അംഗങ്ങളുമുണ്ട്. 2015 ലെ തിരഞ്ഞെടുപ്പിൽ ഭരണം ലഭിച്ചപ്പോൾ ചെയർമാൻ സ്ഥാനം ആദ്യ ടേം ലീഗിനായിരുന്നു. അന്ന് ഇരു പാർട്ടികൾക്കും എട്ട് വീതം സീറ്റുകളായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ രണ്ടര വർഷത്തിന് ശേഷം എൽ.ജെ.ഡി മുന്നണി മാറിയതോടെ കോൺഗ്രസ്സിന് അവസരം നഷ്ടപ്പെടുകയായിരുന്നു. അതിനാൽ ഇത്തവണ ആദ്യ അവസരത്തിൽ ചെയർമാൻ പദവി വേണം എന്ന കോൺഗ്രസ് ആവശ്യത്തിന് ലീഗ് വഴങ്ങുകയായിരുന്നു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക